k

ദാരിക വീരാ, പോരിനു വാടാ.... കാൽച്ചിലങ്കകളണിഞ്ഞ് തലയിൽ കീരീടം ചൂടി ഊരിപ്പിടിച്ച വാളും അഗ്നി ജ്വലിക്കുന്ന

കണ്ണുകളുമായി പോരിനു വിളിച്ച് ഭദ്രകാളി ദേവി ഉറഞ്ഞു തുള്ളിച്ചാടി അടുക്കുന്നതു കണ്ട് ദാരികാസുരൻ ഓടിയൊളിക്കുന്നു. ദേവി കൺവെട്ടത്തുനിന്ന് മറഞ്ഞെന്ന് ഉറപ്പാവുമ്പോൾ വാളും ചുഴറ്റി വീണ്ടും ദാരികനും തോറ്റം വിളിയുമായി അങ്കക്കളത്തിലേക്ക് എടുത്തുചാടുന്നു. ചുറ്റും കൂടിനിൽക്കുന്നവർ ഭക്തിപൂർവം ദേവിയുടെ വിളയാട്ടം കണ്ട് ആർപ്പുവിളിക്കുന്നു. തെക്കൻ കേരളത്തിലെ പല ഭദ്രകാളി ക്ഷേത്രങ്ങളിലും പറണേറ്റ് ഉത്സവത്തോട്

അനുബന്ധിച്ചുള്ള ചടങ്ങാണിത്.

തലസ്ഥാനത്ത് പേട്ട കേരളകൗമുദി പാ‌ർക്കിനു മുന്നിൽ കുറച്ചു ദിവസം മുമ്പ് ത്രിസന്ധ്യ നേരത്ത് പൊലീസുകാരും നാട്ടുകാരും വഴിപോക്കരും ഞെട്ടിവിറച്ചത് സമാനമായ കാഴ്ച കണ്ടാണ്. ഭദ്രകാളിയുടെ സ്ഥാനത്ത് സംസ്ഥാന ഗവർണർ സാക്ഷാൽ ആരിഫ് മുഹമ്മദ് ഖാൻ. വാളും ചിലങ്കയുമില്ലെങ്കിലും തീപാറുന്ന കണ്ണുകൾ. ഭദ്രകാളിയുടെ അതേ ശൗര്യം. അതേ ആക്രോശം. ഭാഷ മാത്രം സായിപ്പന്മാരുടേത്. 'ബ്ളഡി ക്രിമിനൽസ്.... അടിക്കണമെങ്കിൽ നേരിട്ട് വാടാ, അടിയെടാ....!' കാറിൽനിന്ന് ചാടിയിറങ്ങിയ അദ്ദേഹം നടുറോഡിൽ നിന്ന് വെല്ലുവിളിച്ചു. ഇതു കണ്ട് വിരണ്ടു പോയ 'ദാരികാസുരന്മാർ' (പാവം എസ്.എഫ്.ഐ കുട്ടികൾ ) പന്തംകണ്ട പെരുച്ചാഴിയെപ്പോലെ നാലു പാടും പരക്കം പാഞ്ഞെന്ന് ചില ദൃക്സാക്ഷികൾ.

ആടു നിന്നിടത്ത് പൂടപോലും കാണാനില്ലെന്ന് ചില പൊലീസുകാരുടെ അടക്കം പറച്ചിൽ. തൊപ്പി തെറിച്ചതുതന്നെയെന്ന് ഉറപ്പിച്ച്, ഓടാൻ പറ്റാതെ ശ്വാസംപിടിച്ചു നിന്ന പൊലീസുകാരെ അന്ധാളിപ്പിച്ച് വീണ്ടും മുഴങ്ങി, ഗവർണറുടെ ഗർജ്ജനം- ആരാണ് ഇവിടത്തെ പൊലീസ് ചീഫ്? ഗവർണർ ഉദ്ദ്യേശിച്ചത് അവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാവാം. പക്ഷേ, ചാനലുകളിലെ തത്സമയം കണ്ട് വഴുതക്കാട്ടെ വലിയ പൊലീസ് ഏമാന്മാരുടെയും മുട്ടുകൾ കൂട്ടിയിടിച്ചെന്നാണ് കേട്ടത്.

സംഭവം കണ്ടവരും കേട്ടവരും മൂക്കത്ത് വിരൽവച്ചു. രാമകൃഷ്ണ റാവു മുതൽ ജസ്റ്റിസ് പി. സദാശിവം വരെ എത്രയോ

ഗവർണ‌ർമാർ അതുവഴി കടന്നു പോയിരിക്കുന്നു. ഇത്തരമൊരു 'വീരശൂര പരാക്രമി'യെ കാണുന്നത് ഇതാദ്യം. കുട്ടികൾ കരിങ്കൊടികളും മുദ്രാവാക്യങ്ങളുമായി ചാടിവീഴുകയും, കാറിൽ അടിക്കുകയും ഇടിക്കുകയും ചെയ്തിട്ടും, കാറിൽത്തന്നെ ഇരിക്കാതെ ഗവർണർ പുറത്തിറങ്ങിയതല്ലേ പ്രശ്നം വഷളാക്കിയതെന്നാണ് മന്ത്രിമാരുടെ ചോദ്യം. അതിനുമുണ്ട് ഗവർണറുടെ മറുപടി: 'പ്രശ്നങ്ങൾ കുരങ്ങന്മാരെപ്പോലെയാണ്. അവയ്ക്കു പിന്നാലെ ഓടുന്നത് നിറുത്തിയാൽ നമ്മുടെ വഴിക്കു വരും!' എസ്.എഫ്.ഐക്കാരെ ഗവർണർ കുരങ്ങന്മാരെന്ന് വിളിച്ചെന്നായി അടുത്ത ആരോപണം.

 

ഉരുളയ്ക്ക് ഉപ്പേരി എന്ന മട്ടിലാണ് അടുത്ത കാലത്തായി ഗവർണറുടെയും മുഖ്യമന്ത്രിയുടെയും മറ്റ് സി.പി.എം

നേതാക്കളുടെയും പ്രതികരണങ്ങൾ. കുട്ടികൾ വല്ല തെറ്റും ചെയ്താൽത്തന്നെ 72 വയസായ ഗവർണറല്ലേ ക്ഷമിക്കേണ്ടതെന്നാണ് മന്ത്രിമാരുടെ ചോദ്യം. കാലിക്കറ്റ് സർവകലാശാലയിൽ കാൽ കുത്തിക്കില്ലെന്ന് എസ്.എഫ്.ഐക്കാർ. കാൽ കുത്തുക മാത്രമല്ല, അവിടത്തെ ഗസ്റ്റ് ഹൗസിൽ മൂന്നുദിവസം ഉണ്ട് ഉറങ്ങിയിട്ടേ പോകൂ എന്ന് ഗവർണർ. തിരുവനന്തപുരത്ത് ഗവർണറെ തടഞ്ഞവരിൽ ഏഴു പേർ ഇരുമ്പഴികൾ എണ്ണുന്നത് ഓർത്തിട്ടാവും, കാലിക്കറ്റ് ക്യാമ്പസിൽ ഗവർണർ എത്തുന്നതിനു മുമ്പ് പ്രതിഷേധക്കാരെ തഞ്ചത്തിൽ പൊലീസ് അവിടെ നിന്ന് മാറ്റി. ഗവർണർ കാലല്ലാതെ കൈ കുത്തിയാണോ ക്യാമ്പസിൽ ഇറങ്ങിയതെന്ന് ബി.ജെ.പിക്കാർ ചോദിക്കുന്നത് ചുമ്മാ മൂപ്പിക്കാനല്ലേ?

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞതുപോലെ നാട്ടിലെ പല അതിക്രമങ്ങളുടെയും കുട്ടികൾ കാട്ടുന്ന

കന്നന്തിരിവുകളുടെയും പഴി മുഖ്യമന്ത്രി പിണറായി സഖാവിനു മേൽ ചാരുകയാണ് ഗവർണർ. എസ്.എഫ്.ഐക്കാരെ തന്റെ കാർ ആക്രമിക്കാൻ പറഞ്ഞുവിട്ടതും മുഖ്യമന്ത്രിയാണത്രെ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതും തൊടാത്തതും കുറ്റം!

അതും സഹിക്കാം. 'ബ്ളഡി കണ്ണൂർ' എന്നൊക്കെ ഒരു നാടിനെ അധിക്ഷേപിക്കാമോ? എങ്ങനെ തിളയ്ക്കാതിരിക്കും,​ പിണറായി സഖാവിന്റെ ചോര?മാതൃരാജ്യത്തിനു വേണ്ടി ബ്രീട്ടീഷ് പീരങ്കിപ്പടയോട് പൊരുതിയ പഴശ്ശിരാജ മുതൽ എത്രയോ ചരിത്ര പുരുഷന്മാരുടെ നാട്. രാഷ്ട്രീയ എതിരാളികളുടെ ഊരിപ്പിടിച്ച കത്തികൾക്കും ഉയർത്തിപ്പിടിച്ച

വാളുകൾക്കും നടുവിലൂടെ നെഞ്ചുവിരിച്ച് നടന്ന താൻ ഉൾപ്പെടെയുള്ള 'ഇരട്ടച്ചങ്കന്മാരുടെ നാട് .' അങ്ങനെ അങ്കം വെട്ടിന്റെ എത്രയെത്ര വീരകഥകൾ പാടി നടക്കുന്നുണ്ട് പാണന്മാർ! അതുവല്ലതും വരത്തനായ ഗവർണർക്ക് വല്ല തിട്ടവുമുണ്ടോ? മുമ്പ് പാ‌ർട്ടി സെക്രട്ടറിയായിരുന്നപ്പോൾ തന്നെ വേട്ടയാടിയ മാദ്ധ്യമ സിൻഡിക്കേറ്റിനോട് പിണറായി സഖാവ് പറഞ്ഞു: നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല! അതേ വാക്കുകൾ സഖാവ് ആവർത്തിക്കുന്നു: മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, നിങ്ങൾക്ക് കണ്ണൂരിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല!

 

നവകേരള സംരക്ഷണത്തിന്റെ പേരിൽ മനുഷ്യച്ചങ്ങലകളും മനുഷ്യ മതിലുകളും തീർത്ത സഖാക്കന്മാർ 'മതിൽ

പൊളിപ്പന്മാരായി' മാറിയെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന നവകേരള സദസ്സുകൾക്കു വേണ്ടി സ്കൂൾ മതിലുകൾ പൊളിച്ചടുക്കുന്നതാണ് പ്രശ്നം. കയറിക്കയറി ക്ഷേത്ര കോമ്പൗണ്ടുകളിലേക്കും കയറിത്തുടങ്ങിയതോടെ ഹൈക്കോടതി വീണ്ടും വടിയെടുത്തു. നവകേരള ബസ് സ്കൂൾ ഗേറ്റ് വഴി കടക്കുന്നില്ലെങ്കിൽ റോഡിൽ പാർക്ക് ചെയ്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കു ഇറങ്ങി നടന്നുകൂടേ എന്നാണ് ചോദ്യം. ഇത്രയും 'അമൂല്യമായ' നവകേരള ബസ് അനാഥമായി റോഡിൽ ഇടാനോ!

ഓണം വന്നാലും സംക്രാന്തി വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്നതു പോലുള്ള അവസ്ഥയിലാണ് നമ്മുടെ സ്കൂളുകളിലെ പ്രധാന അദ്ധ്യാപകർ. കുട്ടികൾക്ക് ഉച്ചക്കഞ്ഞിക്കു പാങ്ങില്ലാതെ കടം വാങ്ങിക്കൂട്ടിയതോടെ തലയിൽ മുണ്ടിട്ടു വേണം പുറത്തിറങ്ങാൻ. നവകേരള സദസിന് കുട്ടികളെ വിടണമെന്ന് പി.ടി.എ. വിടരുതെന്ന് ഹൈക്കോടതി. ഇനി,സ്കൂളിന്റെ ചുറ്റുമതിൽ കൂടി പൊളിച്ചുകളഞ്ഞാലോ? പി.ഡബ്ലിയു.ഡിക്കാർ മിനുക്കിയിടുന്ന റോഡുകൾ പിറ്റേ ദിവസം വെട്ടിക്കുഴിച്ച് കുളമാക്കി പൊടി തട്ടി കടന്നുകളയുന്നതാണ് വാട്ടർ അതോറിട്ടിക്കാരുടെ ശീലമെന്നാണ് പരാതി. സ്കൂൾ മതിലുകൾക്കും ഇനി അങ്ങനെ സംഭവിക്കുമോ?ഈ സഖാക്കന്മാരെ പിന്നെ കാണുമോ ദൈവമേ? പ്രധാനാദ്ധ്യാപർക്ക് ഉറക്കമില്ല!

നുറുങ്ങ്:

 കറുത്ത ബലൂണും കരിങ്കൊടിയും കറുത്ത ടീ ഷർട്ടും കറുത്ത ബാനറുമായി ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം.

കറുപ്പിനിപ്പോൾ ഏഴഴക്!