
ചെന്നൈ: അതിശക്തമായ മഴയെ തുടർന്ന് തെക്കൻ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ വെള്ളപ്പൊക്കം. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് റോഡുകളിലും വീടുകളിലുമൊക്കെ വെള്ളം കയറി ജനജീവിതം തടസപ്പെട്ടത്.
പുലർച്ചെ 1.30 വരെ, തുടർച്ചയായ പതിനഞ്ച് മണിക്കൂറിനിടെ 60 സെന്റീമീറ്റർ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിൽ പെയ്തത്. കന്യാകുമാരിയിൽ 17.3 സെന്റീമീറ്റർ മഴ പെയ്തു. ഇന്നും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.
Fire engine itself got stuck near V.O.C port ,Thoothukudi#TNRains #Tirunelveli #TamilNadu pic.twitter.com/Sc4PbSgQ4I
— West Coast Weatherman (@RainTracker) December 18, 2023
ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കണം
പ്രളയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും പല പ്രദേശങ്ങളിലായ വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും, ബോട്ടുകളും സജ്ജമാക്കാനും, ആവശ്യമെങ്കിൽ ആളുകളെ നേരത്തെ ഒഴിപ്പിക്കാനും സ്റ്റാലിൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർ എഫ്) യെ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലേക്കും സംസ്ഥാന ദുരന്തനിവാരണ സേനയെ (എസ് ഡി ആർ എഫ്) കന്യാകുമാരി ജില്ലയിലും വിന്യസിച്ചിട്ടുണ്ട്. നാലായിരത്തോളം പൊലീസുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അവധി പ്രഖ്യാപിച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടഞ്ഞുകിടക്കും.
ട്രെയിനുകൾ റദ്ദാക്കി
കനത്ത മഴയെത്തുടർന്ന് ചെന്നൈ എഗ്‌മോർ, നിസാമുദ്ദീൻ - കന്യാകുമാരി തിരുക്കുറൽ എക്സ്പ്രസ്, മധുരൈ -പുനലൂർ എക്സ്പ്രസ്, ചെന്നൈ എഗ്മോർതിരുനെൽവേലി എക്സ്പ്രസ് എന്നിവ രാവിലെ കോവിൽപട്ടിയിൽ സർവീസ് നിർത്തിവച്ചു. സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.