cm

കൊട്ടാരക്കര: ഗവർണറുടേത് വെറും ജൽപ്പനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊട്ടാരക്കരയിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി, കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ മൈക്ക് ഓഫ് ചെയ്തതിനെ പറ്റി പറഞ്ഞാണ് തുടങ്ങിയത്. സമയം കഴിഞ്ഞാൽ എന്നും വാർത്താസമ്മേളനം അവസാനിപ്പിക്കാറുണ്ട്. അത് എന്തോ വലിയ സംഭവം എന്ന മട്ടിൽ അവതരിപ്പിക്കുകയാണ്. ഇന്ന് തുടക്കത്തിൽ തന്നെ ചോദിക്കാനുള്ളത് ചോദിക്കൂ എന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

'അസാധാരണമായ നടപടികളാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഗവർണർമാർ ആളുകൾക്ക് നേരെ ചാടിക്കയറിയിട്ടുണ്ടോ? പ്രതിഷേധിക്കുന്നവർക്കെതിരെ പാഞ്ഞടുക്കുന്ന ഗവർണർ നമ്മുടെ രാജ്യത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ? പ്രതിഷേധിക്കുന്നവർക്ക് നേരെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാൾ പാഞ്ഞടുക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. എന്തൊക്കെയാണ് അവർക്ക് നേരെ വിളിച്ച് പറയുന്നത്. എന്തൊക്കെ കഠിന പദങ്ങളാണ്. ക്രിമിനൽസ്, ബ്ലഡി റാസ്കൽസ് അങ്ങനെ എന്തൊക്കെ തരത്തിലാണ് ആ കുട്ടികളെ വിശേഷിപ്പിച്ചത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇങ്ങനെയാണോ ചെയ്യേണ്ടത്. തെറ്റായ രീതിയിൽ കാര്യങ്ങൾ ഉണ്ടാകുന്നെങ്കിൽ അത് തടയാൻ ഉദ്യോഗസ്ഥരുണ്ടല്ലോ. ഇദ്ദേഹം വ്യക്തിപരമായി ഇടപെടേണ്ട കാര്യം വരുന്നില്ല. എന്തും വിളിച്ച് പറയാം എന്ന സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ് ഗവർണർ ചെയ്യുന്നത്. അദ്ദേഹത്തിന് വേറെ എന്തൊക്കെയോ ഉദ്ദേശങ്ങളുണ്ട്. ഗവർണറുടേത് വെറും ജൽപ്പനങ്ങളാണ്. ആർക്കാണ് ഇങ്ങനെയൊരാളെ ഉൾക്കൊള്ളാൻ കഴിയുക?' - മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണസംവിധാനം തകർക്കുന്നുവെന്ന ഗുരുതര ആരോപണവുമായി രാജ്ഭവൻ കഴിഞ്ഞ ദിവസം വാർത്താകുറിപ്പ് ഇറക്കിയിരുന്നു. 'കേരളത്തിൽ ആദ്യമായാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ പത്രക്കുറിപ്പ് ഇറക്കുന്നത്. ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ സംഭവിക്കില്ല. ഇതിനെ അതീവ ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്. സംസ്ഥാനത്ത് ഭരണസംവിധാനം തകരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്.' -പത്രക്കുറിപ്പിൽ പറയുന്നു.