
സിനിമകൾക്കും പുതിയ ട്രെൻഡുകൾക്കും തമ്മിൽ വലിയ ബന്ധമുണ്ട്. ഓരോ സിനിമകൾ ബോക്‌സോഫീസിൽ ഹിറ്റാകുമ്പോഴും അതിനനുസരിച്ചുളള ട്രെൻഡുകൾ നമ്മുടെ വേഷത്തിലും ഭാവത്തിലും സംഭവിക്കാറുളളത് പുതിയ കാര്യമല്ല. എന്നാലിപ്പോൾ ഭക്ഷണത്തിലും പുതിയ മാറ്റങ്ങൾ ഉണ്ടായിരിക്കുകയാണ്.
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'ഡങ്കി' റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഒരു വിഭവം ഭക്ഷണപ്രേമികൾക്കിടയിൽ തരംഗമായിരിക്കുകയാണ്. 'ഡങ്കി ബർഗർ ഇഡലി' എന്നാണ് പുതിയ വിഭവത്തിന് നൽകിയിരിക്കുന്ന പേര്. മുംബയിലുളള അവന്തിക കഫേയാണ് ഡങ്കി ബർഗർ ഇഡലി പരിചയപ്പെടുത്തിയിരിക്കുന്നത്. വിഭവം തയ്യാറാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
നമ്മുടെ സാധാരണ ഇഡലിയുപയോഗിച്ച് തയ്യാറാക്കിയ ഈ വിഭവം ഭക്ഷണപ്രേമികൾക്ക് ഒരു ബർഗർ കഴിച്ച അനുഭവം നൽകുമെന്നാണ് അവന്തിക കഫേയിലെ പാചകകാരന്റെ വാദം.വിഭവമുണ്ടാക്കാൻ പ്രധാനമായും ഇഡലിയാണ് ഉപയോഗിക്കുന്നത്.തക്കാളി, മല്ലിയില, ക്യാബേജ്,വേവിച്ച ഉരുളക്കിഴങ്ങ്,തുടങ്ങിയവയെ നന്നായി മിക്സ് ചെയ്തശേഷം അതിൽ ആവശ്യത്തിന് കറിമസാല,മയോണൈസ്,ടൊമാറ്റോ സോസ്, ഗ്രീൻ ചട്നി തുടങ്ങിയവ ചേർത്ത് വലിയ ദോശക്കല്ലിൽ വച്ച് വീണ്ടും നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഒരു ഇഡ്ലി രണ്ടായി മുറിച്ച് അതിൽ ഗ്രീൻ ചട്നിയും സോസും പുരട്ടിയശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് അതിനിടയിൽ നിറയ്ക്കുന്നത് വീഡിയോയിൽ കാണാം. 'മുംബയ് ഫുഡി ടെയ്ൽസ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രാജ്കുമാർ ഹിരാനി - ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഡങ്കി' ഈ മാസം 21നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. തപ്‌സി പന്നു, ബൊമൻ ഇറാനി, വിക്കി കൗശൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഷാരൂഖ് ഖാന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്.