governor

കോഴിക്കോട്: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ അവരുടെ ചുമതല നിർവഹിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. ഇനി പൊലീസിന്റെ സുരക്ഷ ആവശ്യമില്ല എന്ന് പറഞ്ഞ് വാഹനത്തിൽ കയറി പുറപ്പെട്ട അദ്ദേഹം എങ്ങോട്ടേയ്‌ക്കാണ് പോകുന്നത് എന്ന് അറിയിച്ചിരുന്നില്ല. കോഴിക്കോട് നഗരം മുഴുവൻ ഇപ്പോൾ പൊലീസ് വളഞ്ഞിരിക്കുകയാണ്. ഗവർണർ മാനാഞ്ചിറയിൽ എത്തി. ശേഷം ഇപ്പോൾ അദ്ദേഹം മിഠായി തെരുവ് സന്ദർശിക്കുകയാണ്.

ഗവർണർ പറഞ്ഞത്:

'ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാൻ. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് കേരളത്തിലേത്. എല്ലാ സംവിധാനങ്ങളിലും ചില പ്രശ്നങ്ങളുണ്ടാകും. എന്നിരുന്നാലും കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണ്. ഒരു കാരണവശാലും ഞാൻ അവരെ കുറ്റം പറയില്ല. അവരെ തങ്ങളുടെ ചുമതല നിർവഹിക്കാൻ സർക്കാർ സമ്മതിക്കുന്നില്ല. തിരുവനന്തപുരത്ത് മൂന്ന് സ്ഥലങ്ങളിൽ ഞാൻ ആക്രമിക്കപ്പെട്ടു. ഇതിൽ മൂന്നാമത്തെ സ്ഥലത്ത് മാത്രമാണ് പൊലീസ് ഇടപെട്ടത്. അതും ഞാൻ പുറത്തിറങ്ങിയതുകൊണ്ട് മാത്രം. '

'ഇനി ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നെ ആക്രമിക്കണമെങ്കിൽ അവർ നേരിട്ട് വരട്ടെ. പൊലീസിനെ എന്റെയടുത്ത് നിന്നും മാറ്റി നിർത്തിയാൽ പ്രതഷേധം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ എസ്‌എഫ്‌ഐക്കാരോട് പറയും. കാരണം, പിന്നീട് ഉണ്ടാകാൻ പോകുന്ന അനന്തരഫലങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. എസ്‌എഫ്‌ഐക്കാർ മാത്രമാണ് പ്രതിഷേധിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് എന്നോട് സ്നേഹമാണ്. കണ്ണൂരിലെ ആക്രമണങ്ങൾക്ക് പിന്നിലെ വ്യക്തി ആരാണെന്ന് എല്ലാവർക്കും അറിയാം. '