robots

പ്രശസ്‌ത ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ടെർമിനേറ്റർ എന്ന ചിത്രം അതിന്റെ ആശയം കൊണ്ട് വളരെ ശ്രദ്ധ നേടിയ ചിത്രമാണ്. 2029ൽ നിന്നും ടൈം ട്രാവൽ ചെയ്‌ത് 1984 വർഷത്തിലെത്തുന്ന രണ്ടുപേരുടെ കഥയാണത്. ഒരു സ്‌ത്രീയെ കൊല്ലാനെത്തുന്ന യന്ത്രങ്ങളുടെ പ്രതിനിധിയായ ടെർമിനേറ്ററും അതിനെതിരെ മനുഷ്യരുടെ പ്രതിനിധിയായ കൈൽ റീസിന്റെയും പോരാട്ടത്തെയാണ് ചിത്രത്തിൽ കാണിക്കുന്നത്. ആത്യന്തികമായി മനുഷ്യന് വിജയം എന്നാണ് നാല് പതിറ്റാണ്ടുമുൻപ് ഇറങ്ങിയ ഈ ചിത്രത്തിന്റെ കഥ. സിനിമ മുന്നോട്ടുവയ്‌ക്കുന്ന ആശയം യന്ത്രമനുഷ്യൻ മനുഷ്യന് ഭീഷണിയാകുന്നു എന്നതാണ്.

മനുഷ്യൻ സൃഷ്‌ടിച്ചെടുത്ത പോയ നൂറ്റാണ്ടിലെ ഒരു കണ്ടെത്തലാണ് യന്ത്രമനുഷ്യന്മാർ അഥവാ റോബോട്ടുകൾ. സാങ്കേതിക വിദ്യ ഒരുപടികൂടി കടന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ സാങ്കേതികവിദ്യയിലെത്തി നിൽക്കുന്ന ഇന്ന് അതിന്റെ ഗുണത്തോടൊപ്പം ദോഷവശങ്ങൾ കൂടി നാം അനുഭവിക്കുന്നുണ്ട്.

സഹായങ്ങൾ നിരവധിയെങ്കിലും മനുഷ്യന്റെ നിലനിൽപ്പിന് വരെ പലപ്പോഴും റോബോട്ടുകളും എഐ സാങ്കേതിക വിദ്യയും ഭീഷണിയാകുമോ എന്ന ഭയം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കാമറൂൺ എന്ന ചലച്ചിത്രകാരന്റെ ഭാവനയോളം വളർന്നില്ലെങ്കിലും റോബോട്ടുകൾ പല ജോലികളും നന്നായി ചെയ്‌തുവരുന്ന ഒരു കാലമാണ് ഇന്ന്. മാലിന്യങ്ങൾ നീക്കം ചെയ്യാനായി നമ്മുടെ നാട്ടിൽ കണ്ടെത്തിയ ബാന്ദികൂട്ട് എന്ന റോബോട്ട് തന്നെ ഉദാഹരണം. ഇതോടൊപ്പം മനുഷ്യന് കടന്നെത്താനാകാത്ത ആഴക്കടലിലും ബഹിരാകാശ ദൂരങ്ങളിലുമടക്കം വിവിധ മേഖലകളിൽ ഇവയെ ഉപയോഗിക്കാനും ശ്രമമുണ്ട്.

മുട്ട പൊട്ടിക്കുന്ന യന്ത്രമ്നുഷ്യൻ ടെസ്‌ല സിഇഒയായ ഇലോൺ മസ്‌ക് കഴിഞ്ഞ ദിവസം തങ്ങളുടെ പുതിയ യന്ത്രമനുഷ്യനെ അവതരിപ്പിച്ചിരുന്നു. ഒപ്‌ടിമസ് 2 എന്ന് പേരിട്ട ഈ റോബോട്ട് മനുഷ്യർ ചെയ്യുന്നതുപോലെ അതിവേഗം ചില ജോലികൾ ചെയ്യാൻ പ്രാപ്‌തനാണ്.

കമ്പനി അവതരിപ്പിച്ചതനുസരിച്ച് മനുഷ്യരുടെതുപോലെ കൈകളിൽ മുട്ട പിടിക്കാനും അത് പാചകം ചെയ്യാനും നൃത്തം ചെയ്യാനും എല്ലാം ഒപ്‌ടിമസ് 2വിന് സാധിക്കും. റോബോട്ടിലെ പുതിയ സെൻസറുകളാണ് ഏത് ജോലിയും വേഗം ചെയ്യാൻ ഇതിനെ പ്രാപ്‌തനാക്കുന്നത്. ഭാവിയിൽ തങ്ങളുടെ ടെസ്‌ല കമ്പനിയിൽ റോബോട്ടിക് തൊഴിൽ സംസ്‌കാരം കൊണ്ടുവരാൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ മസ്‌ക് ശ്രമിക്കുന്നതിന്റെ ചെറിയൊരു സൂചനയാണിത്.

robot

റോബോട്ടിക്‌സ് സാങ്കേതിക വിദ്യയുടെ ദോഷങ്ങൾ

മുൻപ് ചിന്തിക്കാൻ പോലും സാധിക്കാത്ത പല മേഖലകളിലും റോബോട്ടുകളുടെ സഹായത്തോടെ തൊഴിലിൽ മുന്നേറാൻ ശ്രമം നടക്കുമ്പോൾ അതിലൂടെയുള്ള ചില ദോഷങ്ങൾ ചൂണ്ടിക്കാട്ടാം. പ്രധാനമായും തൊഴിൽ സ്ഥലത്ത് മനുഷ്യനുപകരം ജോലി ചെയ്യാൻ റോബോട്ടുകളെ ഉപയോഗിക്കുന്നു. ഇത് മനുഷ്യന് തൊഴിൽനഷ്‌ടവും വരുമാന നഷ്‌ടവും ഉണ്ടാകാൻ കാരണമാകും. അതേസമയം റോബോട്ടുകൾ മനുഷ്യനെ ചില മേഖലകളിലെ തൊഴിലിൽ നിന്ന് സ്വതന്ത്രരാക്കുകയും പുതിയൊരു മേഖലയിലേക്ക് തിരിച്ചുവിടാനോ, കണ്ടെത്താനോ പ്രാപ്‌തനാക്കുകയോ ചെയ്യുകയാണെന്നും ചില വിദഗ്ദ്ധർ പറയുന്നു.

സ്വകാര്യതയിലുള്ള കടന്നുകയറ്റം

റോബോട്ടുകൾക്കൊപ്പം സഹവസിക്കുമ്പോൾ പ്രധാനമായും ആപത്തുള്ള ഒരു മേഖലയാണ് സ്വകാര്യത. എല്ലാ റോബോട്ടുകളും ക്യാമറകളും സെൻസറുകളും ചേർന്നതായതിനാൽ ഇവ നമ്മെയും നമ്മുടെ വിവിധ ഡാറ്റകളെയും നിരന്തരം നിരീക്ഷിക്കും.ഇത് തടയാൻ കടുത്ത നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും നടപ്പാക്കിയേ തീരൂ.

ശാരീരിക സുരക്ഷാ ഭീഷണി

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ വികസിപ്പിച്ചെടുത്ത റോബോട്ട് സുരക്ഷാ ഭീഷണിയാകുന്ന ഒരു രംഗമുണ്ട്. ഇതേ അവസ്ഥ എല്ലാ റോബോട്ടുകളുടെ ഉപയോഗത്തിലും ബാധകമാണ്. അവ മൂലം അപകടങ്ങൾ ഉണ്ടായാലോ കൃത്യമായി കമാന്റ് അനുസരിക്കാതെ മറ്റെന്തെങ്കിലും തരത്തിൽ പ്രവർത്തിച്ചാലോ എല്ലാം മനുഷ്യജീവന് ആപത്താണ്. ഇക്കാര്യങ്ങൾ പരിഹരിക്കാൻ മതിയായ ചട്ടങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.