
കോഴിക്കോട്: കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ മലയാളികൾക്ക് ഗവർണർ എന്ന് കേട്ടാൽ ദേശീയ ചിഹ്നം പതിപ്പിച്ച അതീവ സുരക്ഷയുള്ള വാഹനത്തിൽ പായുന്ന രൂപം മാത്രമാണ്. അതുമല്ലെങ്കിൽ അപൂർവമായി മാത്രം പൊതുപരിപാടികളിൽ പങ്കെടുക്കുന്നയാൾ. ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. സർക്കാരുമായി പരസ്യമായ ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് ജനനിബിഡമായ വഴികളിലേക്ക് ഇറങ്ങിച്ചെലുകയാണ് കേരള ഗവർണർ. എസ്എഫ്ഐയുമായുള്ള പോർവിളിക്ക് പിന്നാലെ കോഴിക്കോട്ടെ എറ്റവും തിരക്കേറിയ മിഠായിത്തെരുവിലാണ് തനിക്ക് നേരെ ഉയർന്ന പ്രതിഷേധങ്ങൾ വകവയ‌്ക്കാതെ അദ്ദേഹം ഇറങ്ങിയത്.
കോഴിക്കോട് നഗരത്തിലെത്തിയ അദ്ദേഹം ഔദ്യോഗിക വാഹനത്തിൽ നിന്നും ഇറങ്ങി റോഡിനരികിൽ നിന്ന് കുട്ടികളെ വാരിപ്പുണർന്നു. അവരെ എടുത്ത് ഒക്കത്തിരുത്തി കുശലം ചോദിച്ചു. തുടർന്ന് തന്നെ കാണാൻ കടിയ നാട്ടുകാരോടെല്ലാം ഗവർണർ വിശേഷങ്ങൾ ആരാഞ്ഞു. ഈ സമയമെല്ലാം പൊലീസും മറ്റുദ്യോഗസ്ഥരുടെയും സുരക്ഷാ വലയത്തിൽ തന്നെയായിരുന്നു ഗവർണർ. തുടർന്ന് മിഠായിത്തെരുവിലേക്കെത്തിയ ഗവർണർ ഹൽവ വാങ്ങുന്നതിനായി ബേക്കറിയിലേക്ക് കയറി. ഇക്കാര്യം തന്റെ ഉദ്യോഗസ്ഥരോടും പോലും ഗവർണർ പറഞ്ഞിരുന്നില്ല.
കടയുടമയോട് ഹൽവ മുറിച്ച് തന്റെ വായിലേക്ക് വച്ചുതരാൻ ഗവർണർ ആവശ്യപ്പെട്ടു. ഇത് കണ്ടുനിന്നവരെയെല്ലാം വിസ്‌മയിപ്പിക്കുന്ന കാഴ്‌ചയായിരുന്നു. തുടർന്ന് കടക്കാരനൊപ്പം സെൽഫിയും എടുത്ത് തോളിൽ തട്ടി അഭിവാദനം നൽകി. തുടർന്ന് തെരുവിലെ മറ്റുചില കടകളിലേക്കും ഗവർണർ സന്ദർശനം നടത്തി. ഇവിടങ്ങളിലെല്ലാം ഗവർണറെ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്.