njm

അജിത്തിന്റെയും ചിരഞ്ജീവിയുടെയും ടൊവിനോയുടെയും ചിത്രങ്ങളിൽ നായിക

തെന്നിന്ത്യൻ താര സുന്ദരി തൃഷ വീണ്ടും ഭാഗ്യനായികയാവുന്നു. പൊന്നിയിൽ സെൽവനുശേഷം തൃഷയ്ക്ക് വിവിധ ഭാഷകളിൽ നിന്ന് അവസരങ്ങൾ. വിജയ് ചിത്രം ലിയോയ്ക്കു പിന്നാലെ അജിത്തിന്റെ നായികയായി വിട മുയർച്ചി എത്തുന്നു. വിജയ്‌യുടെയും അജിത്തിന്റെയും സൂപ്പർ നായികയായി തിളങ്ങിയ താരമാണ് തൃഷ. നീണ്ട ഇടവേളയ്ക്കുശേഷമാണ് തൃഷ വിജയ്‌യുടെയും അജിത്തിന്റെയും നായികയായി എത്തുന്നത്. ചിരഞ്ജീവിയുടെ നായികയായി തെലുങ്ക് ചിത്രമാണ് തൃഷയുടെ മറ്റൊരു പ്രോജക്ട്. വിട മുയർച്ചിക്കുശേഷം തൃഷ ചിരഞ്ജീവി ചിത്രത്തിലാണ് അഭിനയിക്കുക. തൃഷയെ നായികയായി വേണമെന്ന് മിക്ക താരങ്ങളും സംവിധായകരോട് നിർദ്ദേശിക്കാറുണ്ടെന്നത് രഹസ്യമാണെങ്കിലും അത് പരസ്യമാണ്. ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി ആണ് തൃഷയുടെ മലയാള ചിത്രം. ടൊവിനോയും തൃഷയും ആദ്യമായാണ് ഒരുമിക്കുന്നത്. ചിത്രീകരണ ഘട്ടത്തിലുള്ള മോഹൻലാൽ- ജീത്തു ജോസ് ചിത്രം റാമിലും തൃഷയാണ് നായിക. ആദ്യമായാണ് മോഹൻലാൽ ചിത്രത്തിൽ തൃഷ ഭാഗമാവുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണെതാണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് തൃഷ മലയാളിക്ക് പ്രിയങ്കരിയാവുന്നത്. വിജയ് സേതുപതിയുടെ 96 കേരളത്തിലും ചരിത്ര വിജയം നേടിയപ്പോൾ തൃഷ ചിത്രങ്ങൾക്കായി മലയാളികളും കാത്തിരുന്നു. പൊന്നിയിൽ സെൽവൻ സിരീസുകളിൽ അസാധാരണമായ പ്രകടനമാണ് തൃഷ കാഴ്ചവച്ചത്. കോളിവുഡിൽ ഒരുകാലത്ത് ഭാഗ്യനായിക പട്ടം തൃഷ സ്വന്തമാക്കിയിരുന്നു. ഇടക്കാലത്ത് താരപ്രഭയ്ക്ക് മങ്ങലേറ്റെന്നു കിംവദന്തികളെ കാറ്റിൽപറത്തി തൃഷ ഭാഗ്യനായികയായി മുന്നേറുന്നു.