
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത വാഹനമായ ഇ.വി.എക്സ് അടുത്തവർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിലെത്തും. സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ ഇ.വി.എക്സ് ഗ്രാൻഡ് വിറ്റാരയുടെ മാതൃകയിലായിരിക്കുമെന്നാണ് വാർത്തകൾ.
വിദേശ വിപണികളിലേക്കും ഈ ഇലക്ട്രിക് വാഹനം കയറ്റുമതി നടത്താൻ മാരുതി സുസുക്കിയ്ക്ക് പദ്ധതിയുണ്ട്. ഗുജറാത്തിലെ ഹൻസാപൂർ പ്ളാന്റിലാണ് ഈ വാഹനം നിർമ്മിക്കുക. വില ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇ വാഹനങ്ങളിൽ വൻ വളർച്ച ലക്ഷ്യമിട്ട് മാരുതി
അടുത്ത വർഷം ആഭ്യ ഇലക്ട്രിക് കാർ വിപണിയിലെത്തിക്കുന്നതിന് പിന്നാലെ വൈദ്യുത വാഹനങ്ങളുടെ വലിയ നിര തന്നെ പുറത്തിറക്കാനാണ് മാരുതി സുസുക്കി തയ്യാറെടുക്കുന്നത്. മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും മുൻനിര ജനപ്രിയ മോഡലുകളുടെ ഇലക്ട്രിക് വേർഷനുകൾ വരും വർഷങ്ങളിൽ വിപണിയിലെത്തുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇ വാഹനങ്ങളുടെ വിപണിയിലും പരമാവധി വില്പന നേടാനാണ് മാരുതി സുസുക്കിയുടെ ശ്രമം.