
കോട്ടയം: നോമ്പുകാലത്തോടെ നൂറിന് താഴെയെത്തിയ കോഴി വില ക്രിസ്തുമസ് അടുത്തതോടെ അകാരണമായി കൂട്ടി ഇടനിലക്കാർ. ഇന്നലെ 139 രൂപയ്ക്ക് വരെ വിറ്റ കോഴി ക്രിസ്തുമസ് ആകുമ്പോഴേയ്ക്കും 150 ലെത്തിക്കാനുള്ള തന്ത്രമാണ് പയറ്റുന്നത്. സാധാരണ ക്രിസ്തുമസ് പ്രമാണിച്ച് വിലകൂടാറുണ്ടെങ്കിലും ഇത്രയ്ക്ക് കുതിപ്പ് ആദ്യമാണ്.
ക്രിസ്തുമസ് സീസണിൽ ചിക്കൻ ഒഴിച്ചു നിറുത്താൻ പറ്റാത്തതിനാൽ വിലകൂട്ടിയാലും വിപണിയെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഈ അതിക്രമം. തമിഴ്‌നാട്ടിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും എറണാകുളം ജില്ലയിലുമുള്ള ഫാമുകളിൽ നിന്നുമാണ് ജില്ലയിലേക്ക് ഇറച്ചിക്കോഴി എത്തുന്നത്.
ഭൂരിഭാഗം ഫാമുകളും തമിഴ്‌നാട് നിയന്ത്രണത്തിലുള്ളതാണ്. നിരവധി കർഷകർ ഈ മേഖലയിലുണ്ടെങ്കിലും കാര്യമായ ലാഭം ലഭിക്കാറില്ല. എന്നും ഒരേ വിലയ്ക്കാണ് കർഷകരിൽ നിന്ന് ഇടനിലക്കാർ ചിക്കൻ വാങ്ങുന്നത്. എന്നിട്ട് ഉയർന്ന വിലയ്ക്ക് വിൽക്കും.
തോന്നുംപടി വില, ആര് ചോദിക്കാൻ
ചിക്കൻ ഓരോ കടകളിലും ഓരോ വിലയാണ് ഈടാക്കുന്നത്. ഇന്നലെ 130 രൂപയ്ക്കും 135 രൂപയ്ക്കും 139 രൂപയ്ക്കും വിറ്റ കടകളുണ്ട്. ഞായറാഴ്ച തിരക്ക് മുതലെടുത്തായിരുന്നു പല വിലയ്ക്കുള്ള ചിക്കൻ വില്പന. മറ്റ് ഇറച്ചികൾക്കും മീനിനും വില ഉയർന്നു നിൽക്കുന്നതും ചിക്കൻ കടകളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നുണ്ട്.
ഒരാഴ്ചക്കിടെ കൂടിയത് 40 രൂപ
വിലകൂട്ടിയത് ഹോട്ടലിലും തട്ടുകൾക്കും പ്രതിസന്ധി
പീസിന്റെ എണ്ണവും വലിപ്പവും കുറച്ച് വില കൂടും
ക്രിസ്തുമസ് പ്രമാണിച്ച് വീണ്ടും വിലകൂട്ടാൻ നീക്കം
'' കോഴി വിഭവങ്ങളില്ലാത്ത കാര്യം ചിന്തിക്കാൻ പോലുമാവില്ല. ഇപ്പോഴുള്ള വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ഉയരേണ്ടതാണ്. നികുതി ഒഴിവാക്കിയിട്ടും അകാരണമായുള്ള വിലക്കയറ്റത്തിൽ സർക്കാർ ഇടപെടണം'' അനുരാജ് ചേനപ്പാടി, ഫോട്ടോഗ്രാഫർ