
ചർമ സംരക്ഷണത്തിന് പ്രത്യേകിച്ച് മുഖ സൗന്ദര്യത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് മിക്കവരും. ഇതിനായി ഫേസ് സെറവും ക്രീമുകളുമൊക്കെ വാങ്ങി പുരട്ടാറുണ്ട്. എത്ര ക്രീമുകൾ വാരിക്കോരി തേച്ചിട്ടും പലർക്കും പരിഹരിക്കാൻ പറ്റാത്ത സൗന്ദര്യ പ്രശ്നമാണ് കണ്ണിനടയിലെ കറുപ്പ്.
ഉറക്കക്കുറവ്, മാനസിക സമ്മർദം, അലർജി, പോഷകാഹാരക്കുറവ്, മദ്യപാനവും പുകവലിയും, ഹോർമോൺ വ്യതിയാനം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിനടിയിൽ കറുപ്പ് നിറമാകുന്നത്. ലാപ്‌ടോപ്പിന്റെയും ഫോണിന്റെയുമൊക്കെ മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും ഈ സൗന്ദര്യപ്രശ്നത്തിന് കാരണമാകുന്നു.
നന്നായി ഉറങ്ങുകയും, നന്നായി വെള്ളം കുടിക്കുകയുമാണ് ഈ സൗന്ദര്യ പ്രശ്നത്തിനുള്ള ഏറ്റവും നല്ല മരുന്ന്. എട്ട് മണിക്കൂർ ഉറങ്ങണം. നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചും കണ്ണിനടിയിലെ കറുപ്പിനെ അപ്രത്യക്ഷമാക്കാം.
ഉരുളക്കിഴങ്ങ് അരച്ച് പത്ത് മിനിട്ട് കണ്ണിനടിയിൽ പുരട്ടുക. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാം. പതിവായി ഇങ്ങനെ ചെയ്താൽ കണ്ണിനടിയിലെ കറുപ്പിനെ അകറ്റാം. ഓരോ ടീസ്പൂൺ വീതം ഉരുളക്കിഴങ്ങും വെള്ളരിക്കയും യോജിപ്പിച്ച് കണ്ണിനടിയിൽ പുരട്ടുന്നതും ഈ പ്രശ്നത്തെ അകറ്റാൻ സഹായിക്കും.
വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞ് ഇടയ്‌ക്കിടെ കണ്ണിനടിയിൽ വയ്ക്കുന്നത് കറുപ്പ് നിറം അകറ്റാൻ സഹായിക്കും. ദിവസവും മൂന്നോ നാലോ തവണയെങ്കിലും ഇങ്ങനെ ചെയ്യണം. ഓരോ തവണയും പത്തോ ഇരുപതോ മിനിട്ട് കണ്ണിന് ചുറ്റും വച്ചശേഷം എടുത്തുകളയാം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. മുഖത്ത് എന്ത് സാധനം പുരട്ടുന്നതിന് മുമ്പും പാച്ച് ടെസ്റ്റ് ചെയ്ത് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക. അലർജിയോ മറ്റോ ഉള്ളവരാണെങ്കിൽ ഡോക്‌ടറുടെ അനുവാദമില്ലാതെ ഒന്നും മുഖത്ത് പുരട്ടരുത്.