
വയനാട്: വാകേരിയിൽ യുവാവിനെ കടിച്ചുകൊന്ന നരഭോജി കടുവ കൂട്ടിലായി. കടുവയെ പിടികൂടാൻ ദൗത്യം തുടങ്ങി പത്താം ദിനമാണ് പ്രദേശവാസികളുടെ പേടിസ്വപ്‌നമായി മാറിയ ആളെക്കൊല്ലി കൂട്ടിലായത്. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. കൂടല്ലൂരിൽ യുവകർഷകനായ പ്രജീഷിനെ കൊന്ന സ്ഥലത്തിന് അടുത്തുതന്നെയാണ് കടുവ കുടുങ്ങിയത്.
കടുവയെ പിടികൂടാനുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് വനംവകുപ്പ് ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിനുള്ളിൽ കടുവ കുടുങ്ങിയത്. കൂടല്ലൂർ കോളനിക്കവലയ്ക്ക് സമീപത്തായുള്ള കാപ്പി തോട്ടത്തിലെ കൂട്ടിലാണിപ്പോൾ നരഭോജി കടുവ. ഇതിനെ പുറത്ത് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കടുവയെ വനത്തിലേയ്ക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പുല്ലരിയാൻ പോയ ക്ഷീരകർഷകനായ പ്രജീഷിനെ കടിച്ചുകൊന്നതിനുശേഷം ഭക്ഷിച്ച കടുവ കഴിഞ്ഞ ദിവസം പ്രദേശത്ത് വീണ്ടുമെത്തി ഗർഭിണി പശുവിനെയും കൊന്നിരുന്നു.
13 വയസുള്ള WWWL45 എന്ന് വയസൻ കടുവയാണ് ഇതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൂടല്ലൂരിലെ കോഴിഫാമിനോട് ചേർന്ന് സ്ഥാപിച്ച രണ്ട് ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതും വനംവകുപ്പിന്റെ കൈവശമുള്ള ചിത്രവും ഒത്തുനോക്കിയാണ് കടുവയെ തിരിച്ചറിഞ്ഞത്. നരഭോജി കടുവയെ തിരിച്ചറിഞ്ഞതിന് പിന്നാലെ ഇതിനെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു.
ഈ കടുവ തന്നെയാണിപ്പോൾ കൂട്ടിലകപ്പെട്ടതെന്നാണ് അധികൃതർ പറയുന്നത്. കടുവയെ കണ്ടെത്താൻ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ദ്രുത പ്രതികരണ സേനയുടെ സ്പെഷ്യൽ ടീമും സ്ഥലത്തെത്തിയിരുന്നു.