
സംസ്ഥാനത്ത് സർക്കാർ എയിഡഡ് നിയമനങ്ങളിൽ നാലു ശതമാനമാണ് ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിരിക്കുന്നത്. ഈ ഉത്തരവു പ്രകാരം, ഭിന്നശേഷിക്കാരായ ധാരാളം പേർക്ക് ജോലി ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ, ഇവരുടെ നിയമന കാര്യത്തിൽ കാലതാമസമുണ്ടാകുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നിയമന കാലതാമസത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അതോടൊപ്പം, ജോലി ചെയ്യാൻ ശേഷിയില്ലാത്ത ഭിന്നശേഷിക്കാരുടെ ജീവിതപങ്കാളിക്കോ മക്കളിൽ ഒരാൾക്കോ ജോലി ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം. എങ്കിലേ ഭിന്നശേഷിക്കാർക്കുള്ള നാലു ശതമാനം സംവരണം പൂർണ്ണാർത്ഥത്തിൽ നടപ്പാക്കാൻ കഴിയൂ.
റോയി വർഗീസ് ഇലവുങ്കൽ
മുണ്ടിയപ്പള്ളി
സെറ്റ് ഇളവ് റദ്ദാക്കിയത്
സ്വാഗതാർഹം
പ്ലസ്ടു അദ്ധ്യാപക നിയമനത്തിന് 50 ശതമാനം മാർക്കോടെ പി.ജി, ബിഎഡ് എന്നിവ കൂടാതെ സെറ്റ് പരീക്ഷാ ജയവുമാണ് യോഗ്യത. എന്നാൽ ഹൈസ്‌കൂളിൽ പത്തുവർഷം സേവനമുള്ളവരെ സെറ്റ് ജയത്തിൽ നിന്ന് 2001-ലെ സ്‌പെഷ്യൽ റൂൾസ് പ്രകാരം ഒഴിവാക്കിയിരുന്നു. അത് അന്നത്തെ സാഹചര്യം പരിഗണിച്ചു മാത്രം ആയിരുന്നതിനാൽ ആ ഇളവ് റദ്ദാക്കി കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് ഏറെ സ്വാഗതാർഹമാണ്.
പത്തുവർഷ സേവനകാലത്ത് 20 തവണ കേരളത്തിൽ സെറ്റ് പരീക്ഷ നടക്കുന്നുണ്ട്. പുതിയ ഉത്തരവു പ്രകാരം സെറ്റ് ഉള്ളവരുടെ അഭാവത്തിൽ മാത്രം സെറ്റ് ഇല്ലാത്തവരെ നിയമിക്കാം. അതായത്, സ്‌കൂളിൽ പ്ളസ്ടു വിഭാഗത്തിൽ ഒഴിവ് വന്നാൽ 10 വർഷം കഴിഞ്ഞ, സെറ്റ് ഇല്ലാത്തയാളിന് നിയമനം കിട്ടില്ല. രണ്ടു വർഷമായ സെറ്റ് ഉള്ളവർക്കു ലഭിക്കും. എന്നാൽ ആ മാനേജ്‌മെന്റിനു കീഴിൽ ആ വിഷയത്തിൽ സെറ്റ് ജയിച്ച ആരുമില്ലെങ്കിൽ 10 വർഷം സേവനദൈർഘ്യമുള്ള, സെറ്റ് ഇല്ലാത്തയാൾക്കു നിയമനം നൽകാം.
തിരുത്തൽ വരുത്തേണ്ട അടുത്ത വിഷയം ഹെഡ്മാസ്റ്റർമാർക്ക് പ്ലസ്ടു പ്രിൻസിപ്പലായി നിയമനം നൽകുന്നതാണ്. ആദ്യകാലത്ത് പ്രിൻസിപ്പൽ നിയമനത്തിന് ആവശ്യമായ സർവീസുള്ള അദ്ധ്യപകർ പ്ലസ്ടുവിൽ ഇല്ലാത്തതിനാലാണ് ഹെഡ്മാസ്റ്റർമാരെ പ്രിൻസിപ്പൽ ആക്കിയത്. എന്നാൽ ഹയർ സെക്കൻഡറിയിൽ 2005-ൽ സ്ഥിരനിയമനം ആരംഭിച്ചതോടെ 12 വർഷം സർവീസുള്ളവർ 2017 മുതൽ യഥേഷ്ടം ഉണ്ട്. പ്ലസ്ടു പാഠഭാഗങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത പ്രഥമാദ്ധ്യാപകനെ പ്രിൻസിപ്പൽ ആക്കേണ്ട സാഹചര്യം ഇപ്പോഴില്ല. പ്രഥമാദ്ധ്യാപകരെ പ്രിൻസിപ്പലിന്റെ മൂന്നിലൊന്ന് ഒഴിവുകളിൽ നിയമിക്കുന്ന ചട്ടം അടിയന്തരമായി ഭേദഗതി ചെയ്യേണ്ടതാണ്.
ജോഷി ബി. ജോൺ മണപ്പള്ളി
കൊല്ലം
സ്വയം പ്രഖ്യാപിത
രാജാക്കന്മാർ
കേരളത്തിലെ മുഖ്യമന്ത്രിക്ക് യാത്രയിലുടനീളം സുരക്ഷയൊരുക്കേണ്ട ഗൺമാൻ അഥവാ പേഴ്‌സണൽ സെക്യൂരിറ്റി ഗാർഡ് (പി.എസ്.ജി) നിയമം കൈയിലെടുത്ത് താണ്ഡവമാടിയത് ദൃശ്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ദേഹസുരക്ഷയൊരുക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ക്രമസമാധാന ചുമതല നിർവഹിക്കുന്ന യൂണിഫോമിട്ട പൊലീസ് ഉദ്യോഗസ്ഥരെ കാഴ്ചക്കാരായി നിറുത്തി, പ്രതിരോധിക്കാനെത്തിയവരെ അതിക്രൂരമായി മർദ്ദിച്ചത് കേരള പൊലീസിന് നാണക്കേടാണ്.
കൃത്യവിലോപം നടത്തിയ ഗൺമാനെ സർവീസിൽ നിന്ന് മാറ്റിനിറുത്തി തുടർനടപടി സ്വീകരിക്കേണ്ടതാണ്. ഉത്തരവാദപ്പെട്ട മേലുദ്യോഗസ്ഥർ അവരിൽ നിക്ഷിപ്തമായ ജോലി തികഞ്ഞ അച്ചടക്കത്തോടെ നിർവഹിക്കാൻ ബാദ്ധ്യസ്ഥരുമാണ്. ഇല്ലാത്ത ചുമതല കൈയിലെടുത്ത് ചിലർ സ്വയംപ്രഖ്യാപിത രാജാക്കന്മാരാകുന്നത് ക്രമസമാധാനത്തകർച്ചയ്ക്ക് വഴിവച്ചേക്കാം. പൊതുജനത്തിന് സംരക്ഷണം നൽകാൻ പൊലീസ് സേനയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഇത്തരം അനാവശ്യ അധികാരം ചമഞ്ഞുള്ള മൂന്നാംമുറ പ്രയോഗം മുളയിലേ നുള്ളിക്കളയാൻ സംസ്ഥാന പൊലീസ് മേധാവി സത്വര നടപടി കൈക്കൊള്ളുമെന്ന് ആശിക്കാം.
നെയ്യാറ്റിൻകര മുരളി
വടകോട്