
ബംഗളൂരു: മുതിർന്ന പൗരന്മാരും അസുഖബാധിതരും മാസ്‌ക് ധരിക്കണമെന്ന് കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ വർദ്ധിച്ചതിന് പിന്നാലെയാണ് നിയന്ത്രണം.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. 'ഞങ്ങൾ ഇന്നലെ യോഗം ചേർന്നു. എന്ത് നടപടികൾ സ്വീകരിക്കണമെന്ന് ചർച്ച ചെയ്തു. 60 വയസിനു മുകളിൽ പ്രായമുള്ളവരും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരും മറ്റ് രോഗാവസ്ഥയിലുള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.'- അദ്ദേഹം വ്യക്തമാക്കി.
'സർക്കാർ ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. പരിശോധന കൂട്ടിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം.'- മന്ത്രി നിർദേശം നൽകി.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 1828 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ഇതുവരെ 4.46 കോടിയാളുകളാണ് രോഗമുക്തി നേടിയത്. അതായത് 98.81 ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 5.3 ലക്ഷം പേർ വൈറസ് ബാധ മൂലം മരണമടഞ്ഞു.