school

ബംഗളൂരു: പിന്നാക്ക വിദ്യാർത്ഥികളെ കൊണ്ട് സ്കൂളിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവത്തിൽ പ്രധാന അദ്ധ്യാപികയെയും ഒരു അദ്ധ്യാപകനെയും അറസ്റ്റ് ചെയ്തു, പ്രധാന അദ്ധ്യാപിക ഭരതമ്മ, അദ്ധ്യാപകനായ മുനിയപ്പ തുടങ്ങിയവരാണ് അറസ്റ്റിലായത്. കർണാടകയിലെ കോലാറിൽ പ്രവർത്തിക്കുന്ന മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ നാല് കരാർ ജീവനക്കാരെ പിരിച്ചുവിട്ടു. വിദ്യാർത്ഥികളെ സെപ്റ്റിക് ടാങ്കിലിറക്കി കൈകൊണ്ട് വൃത്തിയാക്കിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തിന്റെ വിവിധ വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിദ്യാർത്ഥികളെ ഒരു രാത്രി മുഴുവനും ഭാരമുളള ബാഗ് ചുമരിൽ തൂക്കിപ്പിച്ച് മുട്ടുകുത്തി നിർത്തിയിരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ശ്വാസതടസം നേരിട്ട ഒരു വിദ്യാർത്ഥിക്ക് സുഹൃത്ത് വെളളം കൊടുക്കുന്നതും വീഡിയോയിൽ കാണാം. 243 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആറ്,ഒമ്പത് ക്ലാസുകളിലായി ആകെ 19 പെൺകുട്ടികളാണ് ഉളളത്.

സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രൂക്ഷവിമർശനം നടത്തി. അദ്ധ്യാപകർ മുൻപും വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും സാമൂഹ്യക്ഷേമ വകുപ്പ് അധികൃതർ കണ്ടെത്തി. 30 വർഷങ്ങൾക്ക് മുൻപ് തന്നെ രാജ്യത്തെ പിന്നാക്ക വിദ്യാർത്ഥികൾ നേരിടുന്ന ഭിന്നതകൾ തടയാനുളള കർശന നിയമങ്ങൾ നിലവിൽ വന്നിരുന്നു. എന്നിട്ടും ഇത്തരത്തിലുളള പ്രശ്നങ്ങൾ തുടരുകയാണെന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ അറിയിച്ചു. ഇത് കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം മാനസികനിലയെ ബാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.