
ഒരു ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിൽ ഒരു ഡോക്ടർ സ്ഥലം മാറി വന്നു. പുതിയ ഡോക്ടറുടെ പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്നതായിരുന്നു. ശാന്തമായ മുഖം, പുഞ്ചിരിച്ചുകൊണ്ടുള്ള സംസാരം. എല്ലാവരോടും സ്നേഹത്തോടെയുള്ള പെരുമാറ്റം. ആശുപത്രിയിലെ തിരക്കോ, രോഗികളുടെ വ്യത്യസ്തങ്ങളായ പെരുമാറ്റങ്ങളോ ഒന്നും അദ്ദേഹത്തിന്റെ ശാന്തതയ്ക്ക് ഇളക്കമുണ്ടാക്കിയില്ല. ഇതു ശ്രദ്ധിച്ച ഒരാൾ ഡോക്ടറോടു ചോദിച്ചു, ഇത്ര തിരക്കിനിടയിൽ താങ്കൾക്ക് എങ്ങനെ ചിരിച്ചുകൊണ്ടു പെരുമാറാൻ കഴിയുന്നു?.
അതിനും ചിരിച്ചുക്കൊണ്ട് ഡോക്ടർ പറഞ്ഞു. ഇതിൽ വലിയ രഹസ്യമൊന്നുമില്ല, എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണിത്. ഇവിടെ വരുന്നതിനു മുമ്പ്, ഞാൻ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്നു. വീട്ടിൽ നിന്ന് ബസ്സിൽ വേണം ആശുപത്രിയിലെത്താൻ. ബസ് കാത്ത് സ്റ്റോപ്പിൽ നിന്നാൽ വണ്ടി സ്റ്റോപ്പിൽ നിന്നും മാറ്റി മറ്റെവിടെയെങ്കിലുമായിരിക്കും നിറുത്തുക. ഓടിച്ചെല്ലുമ്പോഴേക്കും പലപ്പോഴും ബസ് വിട്ടു കഴിഞ്ഞിരിക്കും. അകത്ത് കയറാൻ കഴിഞ്ഞാൽ ചില്ലറയില്ലെങ്കിൽ, അതിനു ചീത്തകേൾക്കേണ്ടി വരും. പലപ്പോഴും മനസ്സ് നിയന്ത്രണം വിടുന്ന ഘട്ടമെത്തും.
അടുത്ത ദിവസവും ബസ്സിൽ വരണമല്ലോ എന്നു ചിന്തിച്ച് ഒരുവിധം നിയന്ത്രിക്കും. ഈ ദേഷ്യമെല്ലാം ഉള്ളിലൊതുക്കിയാണ് ആശുപത്രിയിലേക്കു ചെല്ലുക. സഹപ്രവർത്തകരെ നോക്കി ഒന്നു ചിരിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. ജീവിതത്തിൽ അശാന്തി മാത്രം. അങ്ങനെയിരിക്കെ, ഒരു ദിവസം രാവിലെ ഞാൻ സ്റ്റോപ്പിലേക്കു വരുന്ന സമയം ബസ്സു മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു. പക്ഷേ, ഞാൻ ഓടിവരുന്നതു കണ്ട കണ്ടക്ടർ ബെല്ലടിച്ചു വണ്ടി നിറുത്തി. എന്നെക്കൂടി കയറ്റിയതിനു ശേഷമാണു വണ്ടി എടുത്തത്. ബസ്സിൽ ഇരിക്കാൻ സീറ്റുണ്ടായിരുന്നില്ല. പക്ഷേ, കണ്ടക്ടർ തന്റെ സീറ്റ് എനിക്ക് ഒഴിഞ്ഞുതന്നു. എനിക്ക് സന്തോഷം തോന്നി.
ക്ഷീണംകൊണ്ടു ഞാൻ ബസ്സിലിരുന്ന് ഉറങ്ങിപ്പോയി. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോൾ, കണ്ടക്ടർ എന്നെ വിളിച്ചുണർത്തി. പുതിയ കണ്ടക്ടറുടെ പെരുമാറ്റം എനിക്കു പകർന്നു തന്ന ആശ്വാസം എത്രയെന്നു പറയാനാവില്ല. ദാഹിച്ചു വലയുമ്പോൾ, മധുരമുള്ള കുളിർതണ്ണീർ കിട്ടിയത് പോലെ. അതുവരെയറിയാത്ത ഒരാനന്ദത്തോടെയാണു ഞാൻ ബസ്സിൽ നിന്നിറങ്ങി ആശുപത്രിയിലേക്കു നടന്നത്. അന്നത്തെ ജോലികൾ വളരെ ശ്രദ്ധയോടെ ചെയ്യാൻ കഴിഞ്ഞതിനാൽ, മേലുദ്യോഗസ്ഥൻ എന്നെ പ്രത്യേകം പ്രശംസിച്ചു. കീഴുദ്യോഗസ്ഥരോടു ചിരിച്ചുകൊണ്ടു സംസാരിച്ചതിലൂടെ, അവർക്കും സന്തോഷമായി, തിരിച്ചു വീട്ടിൽ എത്തിയപ്പോൾ, കുട്ടികളോടും ഭാര്യയോടും സ്നേഹത്തോടും സ്വാതന്ത്ര്യത്തോടും പെരുമാറാൻ കഴിഞ്ഞു. അവർക്കും സന്തോഷമായി.
എന്റെ ഒരാളുടെ പെരുമാറ്റത്തിലുണ്ടായ പരിവർത്തനത്തിലൂടെ എല്ലാവരിലും സംഭവിച്ച മാറ്റത്തെക്കുറിച്ച് എനിക്കു ബോദ്ധ്യം വന്നു. അന്നുമുതൽ ഏതു സാഹചര്യത്തിലും മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറാൻ ഞാൻ പ്രതിജ്ഞ ചെയ്തു. ഈ ലോകം ഒരു കണ്ണാടി പോലെയാണ്. നമ്മൾ ലോകത്തിനു എന്തു നല്കുന്നുവോ അത് തന്നെയാണ് നമുക്ക് തിരിച്ചു കിട്ടുന്നത്.
നമ്മളിൽ അധികം പേരും മറ്റുള്ളവരിൽ നിന്ന് സ്നേഹവും ബഹുമാനവും പ്രതീക്ഷിക്കുന്നവരാണ്. മറ്റുള്ളവരും അതു തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നറിഞ്ഞു നമ്മൾ പെരുമാറണം. അവർ നന്നാകാൻ കാത്തുനിൽക്കാതെ നമ്മൾ നന്നാകാൻ ശ്രമിക്കണം.