
മുംബയ്: സമൂഹമാദ്ധ്യമങ്ങൾ എടുത്ത് കഴിഞ്ഞാൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് റീൽ വീഡിയോകളാണ്. ഇതിൽ പൊതു സ്ഥലങ്ങളിൽ നന്ന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും ഉൾപ്പെടുന്നു. പ്രമുഖരാകാൻ വേണ്ടിയാണ് പലരും ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നത്. ഇപ്പോഴിതാ പൊതു സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
മുംബയിലാണ് സംഭവം. സീമ കനോജിയ എന്ന ഇൻസ്റ്റഗ്രാം പ്രമുഖയാണ് പൊലീസിന്റെ പിടിയിലായത്. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇവർക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. മുംബയ് റെയിൽവേ സ്റ്റേഷനിൽ നിന്ന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 96 മില്യൻ ജനങ്ങളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ട്രെയിനിൽ നിന്നും പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന യാത്രകാർക്കിടയിലേയ്‌ക്ക് ഇവർ ചാടിയിറങ്ങുന്നതും നൃത്തം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കരുതെന്ന് നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്നത്. യുവതിയുടെ പല വീഡിയോകളും പൊതു സ്ഥലങ്ങളിൽ നിൽക്കുന്ന ജനങ്ങൾക്ക് ഉപഗ്രവം ഉണ്ടാക്കുന്ന തരത്തിലുള്ളതാണ്.
പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വിഷയത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് സീമ കനോജിയ. രണ്ട് പൊലീസുകാർക്ക് നടുവിൽ നിന്നുകൊണ്ട് ഇവർ മാപ്പ് പറയുന്നതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകൾക്കുള്ളിലും വീഡിയോകളോ റീലുകളോ ചിത്രീകരിക്കരുത്. അത് കുറ്റകരമാണ്. യാത്രക്കാർക്കും അത് അസൗകര്യമുണ്ടാക്കുന്നു. അന്ധേരിയിലെയും സിഎസ്എംടിയിലെയും റെയിൽവേ പ്ലാറ്റ്ഫോമിൽ റീലുകൾ ചിത്രീകരിച്ചതിൽ ഞാൻ ഖേദിക്കുന്നു, മറ്റുള്ള ഇന്‍സ്റ്റഗ്രാം താരങ്ങളും യൂട്യൂബര്‍മാരും ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കരുത്.' - എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.