
വയനാട്: കൂടല്ലൂരിലെ യുവകർഷകൻ പ്രജീഷിനെ കടിച്ചുകീറി ഭക്ഷിച്ച നരഭോജി കടുവയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. പ്രജീഷ് മരിച്ച് പത്താം ദിവസമാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് അധികൃതർ സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ കുടുങ്ങിയത്.കോളനി കവലയ്ക്ക് സമീപത്തുളള കാപ്പിത്തോട്ടത്തിൽ വച്ചായിരുന്നു സംഭവം.
ഇതോടെ കടുവയെ കൊല്ലണമെന്ന ആവശ്യമായി നാട്ടുകാർ രംഗത്തെത്തി.കെണിയിൽ കുടുങ്ങിയ കടുവയെ കൊല്ലാതെ ഇവിടെ നിന്നു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. യുവാവിനെ കൊന്നതോടെ കടുവയെ വെടിവച്ചുക്കൊല്ലാനാണ് ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടിരുന്നത്. കടുവയെ നിരീക്ഷിക്കുന്നതിനായി 25 ക്യാമറകളും മൂന്ന് കൂടും വനം വകുപ്പ് സ്ഥാപിച്ചിരുന്നു.
പ്രജീഷിനെ കടിച്ചുകൊന്നതിനുശേഷം ഭക്ഷിച്ച കടുവ കഴിഞ്ഞ ദിവസം പ്രദേശത്ത് വീണ്ടുമെത്തി ഗർഭിണി പശുവിനെയും കൊന്നിരുന്നു. 13 വയസുള്ള WWWL45 എന്ന് വയസൻ കടുവയാണ് ഇതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൂടല്ലൂരിലെ കോഴിഫാമിനോട് ചേർന്ന് സ്ഥാപിച്ച രണ്ട് ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതും വനംവകുപ്പിന്റെ കൈവശമുള്ള ചിത്രവും ഒത്തുനോക്കിയാണ് കടുവയെ തിരിച്ചറിഞ്ഞത്.