governor

തിരുവനന്തപുരം: തലസ്ഥാനത്തെ സംഭവവികാസങ്ങളും ഒപ്പം കാലിക്കറ്റ് സര്‍വകലാശാലയിൽ ഇന്നലെ രാത്രിയുണ്ടായ നാടകീയ സംഭവങ്ങള്‍ക്കും പിന്നാലെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്‌ഐ. പൊലീസിനേയും തന്റെ അധികാരങ്ങളേയും ഉപയോഗിച്ച് ബാനര്‍ അഴിപ്പിച്ച ഗവര്‍ണറുടെ നടപടിക്ക് ഒന്നിന് പകരം പത്ത് ബാനര്‍ എന്ന നിലയ്ക്ക് മറുപടി നല്‍കുകയാണ് എസ്എഫ്‌ഐ. കാലിക്കറ്റ് സര്‍വകലാശാലയില്‍ ബാനര്‍ അഴിപ്പിച്ച ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കുള്ള മറുപടി മറ്റ് സര്‍വകലാശാലകളിലും ബാനറുയര്‍ത്തിയാണ് എസ്എഫ്‌ഐ നല്‍കുന്നത്.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിലും കേരള സര്‍വകലാശാസല ആസ്ഥാനത്തും പ്രതിഷേധ പ്രകടനവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തുകയും ഗവര്‍ണറുടെ കോലം കത്തിക്കുകയും ചെയ്തു. യൂണിവേഴ്‌സിറ്റി കോളേജില്‍ 'സിപിയെ വെട്ടിയ നാടാണേ' എന്നെഴുതിയ ബാനറുമായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. 'മിസ്റ്റര്‍ ചാന്‍സലര്‍ ഡോന്‍ഡ് സ്പിറ്റ് പോയിസണ്‍ ആന്‍ഡ് പാന്‍ പരാഗ് ഓണ്‍ യൂണിവേഴ്‌സിറ്റീസ്' എന്ന ബാനറാണ് ഉയർത്തിയത്.

യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിനു പുറത്തും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ കെട്ടി. 'ഹിറ്റ്‌ലര്‍ തോറ്റു, മുസോളിനി തോറ്റു, സര്‍ സിപിയും തോറ്റുമടങ്ങി, എന്നിട്ടാണോ ആരിഫ്ഖാന്‍' എന്നെഴുതിയ ബാനറാണ് കേരള സര്‍വകലാശാല ആസ്ഥാനത്തിനു പുറത്ത് കെട്ടിയത്. തിരുവനന്തപുരം സംസ്‌കൃത കോളജിലും എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തിയിരുന്നു. 'ചാന്‍സലര്‍, നിങ്ങളുടെ വിധേയത്വം സര്‍വകലാശാലയോടായിരിക്കണം, സംഘപരിവാറിനോടാകരുത്' എന്നെഴുതിയ കറുത്ത തുണിയിലുള്ള ബാനറാണ് സംസ്‌കൃത കോളജില്‍ ഉയര്‍ത്തിയത്.

പന്തളം എന്‍എസ്എസ് കോളജിലും കാലടി ശ്രീശങ്കര കോളജിലും എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്തിയിരുന്നു. നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലയിലുള്ള ഗവര്‍ണര്‍ ഇന്നു വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തും. അതിനിടെ കോഴിക്കോട് നഗരത്തില്‍ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഗവര്‍ണര്‍ ഇറങ്ങിയരുന്നു. 40 മിനിറ്റോളം മിഠായിത്തെരുവില്‍ ചെലവഴിച്ച ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്. കുട്ടികളെ താലോലിച്ചും സെല്‍ഫിയെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. തന്റെ സുരക്ഷ ജനങ്ങള്‍ നോക്കിക്കോളുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.