 4 സംസ്ഥാനങ്ങളിൽ റെയ്ഡ്

ന്യൂഡൽഹി: ഐസിസ് ബന്ധമുള്ള എട്ട് ഭീകരരെ കർണാടകയിലെ ബല്ലാരിയിൽ നിന്ന് എൻ.ഐ.എ ഇന്നലെ അറസ്റ്റുചെയ്തു. തോക്കുൾപ്പെടെ ആയുധങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും രാസവസ്തുക്കളും ലക്ഷങ്ങളുടെ കള്ളപ്പണവും പിടിച്ചെടുത്തു. സംസ്ഥാനത്ത് സ്ഫോടന പരമ്പരയാണ് സംഘം ലക്ഷ്യമിട്ടതെന്നാണ് വിവരം.

ഐസിസ് ബല്ലാരി മൊഡ്യൂൾ തലവൻ മിനാസ് എന്ന മുഹമ്മദ് സുലൈമാനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കോളേജ് വിദ്യാർത്ഥികളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഇയാളാണ്.

കർണാടകയ്ക്ക് പുറമേ ജാർഖണ്ഡ്, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലും ഇന്നലെ ഒരേസമയം റെയ്ഡ് നടന്നു. 19 കേന്ദ്രങ്ങളിൽ പുലർച്ചെ ആരംഭിച്ച റെയ്ഡ് വൈകിട്ടാണ് അവസാനിച്ചത്.

കഴിഞ്ഞയാഴ്ച എൻ.ഐ.എ 44 സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെയും റെയ്ഡ്.