
കൊച്ചി: ഓവർ ദി ടോപ്പ്(ഒ.ടി.ടി) പ്ളാറ്റ്ഫോമുകളെ ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ നിന്നൊഴിവാക്കി കേന്ദ്ര സർക്കാർ പുതിയ കരട് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഇതോടൊപ്പം സാറ്റലൈറ്റ് സേവനങ്ങൾക്കായി വിവിധ കമ്പനികൾക്ക് വില നിശ്ചയിച്ച് ടെലികോം സ്പെക്ട്രം വില്‍ക്കുന്നതിനും ബിൽ അധികാരം നൽകുന്നു. ഫോൺ വിളി, വീഡിയോ കോൺഫറൻസ് എന്നീ സേവനങ്ങൾ നൽകുന്നുണ്ടെങ്കിലും സ്പെക്ട്രം ഫീ നൽകേണ്ട ബാദ്ധ്യതയിൽ നിന്നും ഒഴിവായതോടെ വാട്ട്സാപ്പ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് പുതിയ മാറ്റം ഏറെ ആശ്വാസം പകരും.
മെസേജിംഗ് ആപ്പുകളായ വാട്ട്സാപ്പ്, സ്വൈപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ളാറ്റ്ഫോമുകളെ ടെലികോം സേവനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന തരത്തിലാണ് നേരത്തെ കേന്ദ്ര സർക്കാർ കരട് ടെലികോം നയം തയ്യാറാക്കിയിരുന്നത്.
പുതിയ ബില്ലിൽ ഒ.ടി.ടികളെ സ്പെഷ്യലൈസ്ഡ് കമ്യൂണിക്കേഷൻ സേവനങ്ങളായാണ് വ്യക്തമാക്കുന്നത്. മെഷീൻ ടു മെഷീൻ കമ്യൂണിക്കേഷൻ, ഇൻഫ്ളൈറ്റ് കമ്യൂണിക്കേഷൻ എന്നിവയ്ക്ക് സമാനമായ നേവനങ്ങളാണ് ഒ.ടി.ടികളെന്നും ബില്ലിൽ പറയുന്നു.
സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങളെയും ഒ.ടി.ടികളെയും ടെലികോം സേവനങ്ങളുടെ പരിധിയിൽ കൊണ്ടുവരണമെന്ന് രാജ്യത്തെ പ്രമുഖ മൊബൈൽ കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്.