ചെന്നൈ: കനത്ത മഴയിൽ തെക്കൻ തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ വെള്ളപ്പൊക്കം. തൂത്തുക്കുടി ജില്ലയിൽ ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനത്തിനും ഹെലികോപ്ടറിൽ ഭക്ഷണപ്പൊതി വിതരണത്തിനും സംസ്ഥാനം വ്യോമസേനയുടെ സഹായം തേടി. നാലു ജില്ലകളിലെ പതിനായിരത്തോളെ പേർ ദിരുതാശ്വാസ ക്യാമ്പുകളിലാണ്.

ഇന്നലെ പുലർച്ചെ 1.30 വരെ തുടർച്ചയായ 15 മണിക്കൂറിനിടെ 60 സെന്റി മീറ്റർ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിൽ പെയ്തത്. തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിൽ 26 സെന്റിമീറ്റർ,​ കന്യാകുമാരിയിൽ 17.3 സെന്റി മീറ്റർ മഴപെയ്തു.

പാപനാശം, പെരിഞ്ഞാണി, പേച്ചിപ്പാറ ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെ തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താമ്രപർണി നദി കരകവിഞ്ഞൊഴുകി.

നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കന്യാകുമാരിക്ക് മുകളിൽ ചക്രവാതച്ചുഴിയുടെ സാന്നിദ്ധ്യമാണ് കനത്ത മഴയ്ക്ക് കാരണം.

കനത്ത മഴയെ തുടർന്ന് ദുരിതബാധിത ജില്ലകളിൽ ബാങ്കുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഉൾപ്പെടെ പൊതുഅവധി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിനായി മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. 50 പേരടങ്ങുന്ന കേന്ദ്ര ദുരന്ത നിവാരണസേന തിരുനെൽവേലിയിലും തൂത്തുക്കുടിയിലും സംസ്ഥാന ദുരന്ത നിവാരണ സേനയെ സഹായിക്കാനുണ്ട്. ഇതിനുപുറമെ ദുരിതബാധിത ജില്ലകളിൽ 4,000 പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

40 - 55 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കടലിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

ട്രെയിനിൽ കുടുങ്ങി

500ലേറ പേർ

തൂത്തുക്കുടി ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷൻ മുങ്ങിയതോടെ ഇന്നലെ അഞ്ഞൂറിലേറെ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. യാത്രക്കാരുമായെത്തിയ തിരുച്ചെന്തൂ‌ർ- ചെന്നൈ ട്രെയിൻ ഇവിടെ പിടിച്ചിട്ടിരിക്കയാണ്. ഒടുവിൽ രക്ഷാപ്രവർത്തകരെത്തിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. കുത്തൊഴുക്കിൽ റെയിലുകൾ ഒഴുകിപ്പോയതായാണ് വിവരം.