
മോസ്കോ : റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകനുമായ അലക്സി നവാൽനി എവിടെയെന്നത് ഒരാഴ്ച പിന്നിട്ടിട്ടും അജ്ഞാതമായി തുടരുന്നു. മോസ്കോയ്ക്ക് കിഴക്കുള്ള വ്ലാഡിമിറിലെ ജയിലിൽ കഴിഞ്ഞിരുന്ന നവാൽനി നിലവിൽ അവിടെയില്ല. അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സംശയം. നവാൽനിയുടെ അഭിഭാഷകരും അനുയായികളും അദ്ദേഹത്തിനായി രാജ്യത്തെ വിവിധ ജയിലുകളിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കണ്ടെത്തിയിട്ടില്ല. അതിനിടെ, നവാൽനിയുടെ വിചാരണ നടപടികളെല്ലാം കോടതി അറിയിപ്പുണ്ടാകും വരെ നിറുത്തിവച്ചു. നവാൽനിയെ കണ്ടെത്താനാകാത്തതിൽ ആശങ്കയുണ്ടെന്ന് യു.എന്നിന്റെ മനുഷ്യാവകാശ പ്രതിനിധി പറഞ്ഞു. നവാൽനിയെ ഇന്നലെ കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ നവാൽനിയുടെ അസാന്നിദ്ധ്യത്തെ തുടർന്ന് മാറ്റിവച്ചു. അടുത്ത വർഷം പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ റഷ്യൻ ഭരണകൂടം നവാൽനിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കാമെന്ന് അദ്ദേഹത്തിന്റെ പാർട്ടി ആരോപിച്ചു. തിരഞ്ഞെടുപ്പിൽ അഞ്ചാം തവണ ഭരണത്തുടർച്ച ലക്ഷ്യമിട്ട് പുട്ടിൻ മത്സരിക്കുന്നുണ്ട്. ജനങ്ങൾ വോട്ടു ബഹിഷ്കരിക്കണമെന്നും അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ച് നവാൽനിയുടെ അനുയായികൾ കാമ്പെയ്ൻ ആരംഭിച്ചു. ജയിലിൽ കഴിയവെ പല തവണ ആരോഗ്യസ്ഥിതി വഷളായ നവാൽനിയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചോ എന്നും ആശങ്കയുണ്ട്. 47 കാരനായ നവാൽനി തീവ്രവാദം, അഴിമതി, വഞ്ചന തുടങ്ങിയ ആരോപണങ്ങളിൽ 30 വർഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. 2020ൽ വധശ്രമത്തെ അതിജീവിച്ച നവാൽനി 2021 മുതൽ ജയിലിലാണ്.