ബൈസൺവാലി: കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ബൈസൺ വാലിയിലെത്തി. പൊട്ടൻകാട് എസ്.ബി.ഐ യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബൈസൺ വാലി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ പൊട്ടൻകാട് ബ്രാഞ്ച് മാനേജർ ബിനു ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അടിമാലി ബ്ലോക്ക് ഫാർമേഴ്‌സ് പ്രൊഡ്യൂസ് സൊസൈറ്റി ഡയറക്ടർ വി.എൻ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വിവിധ വകുപ്പുക ളെ പ്രതിനിധീകരിച്ച് കൃഷി ഓഫീസർ പ്രിയ പീറ്റർ, ഇടുക്കി കെ.വി.കെ സയന്റിസ്റ്റ് ആഷിബ തുടങ്ങിയവർ പദ്ധതികൾ വിശദീകരിച്ചു.
അടിമാലി ബ്ലോക്കിനു കീഴിലെ പാറത്തോട്, പള്ളിവാസൽ പഞ്ചായത്തുകളിൽ ഇന്ന് യാത്ര എത്തിച്ചേരും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കൽപ് യാത്ര പ്രയാണം നടത്തുന്നത്.