dawood

കറാച്ചി: ഇന്ത്യ തേടുന്ന കൊടും ഭീകരൻ ദാവൂദ് ഇബ്രാഹിന് പാകിസ്ഥാനിലെ കറാച്ചിയിൽ വിഷബാധയേറ്റെന്ന് അഭ്യൂഹം. രണ്ടുദിവസം മുമ്പ് വിഷബാധയേറ്റ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ദാവൂദ് മരിച്ചെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാൽ

ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. കൂട്ടാളികളിൽ ഒരാൾ തന്നെയാണ് വിഷം നൽകിയതെന്നും ദാവൂദ് കഴിയുന്ന ആശുപത്രിക്ക് ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തിയെന്നും പറയുന്നു.

ശനിയാഴ്ച വൈകിട്ട് മുതൽ പാകിസ്ഥാനിൽ ഇന്റർനെറ്റ് തടസം നേരിടുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം ഏറക്കുറെ തടസ്സപ്പെട്ടു. ഇത് ദാവൂദിന്റെ വാർത്ത മറയ്ക്കാനാണെന്ന പ്രചാരണമുണ്ടായി. എന്നാൽ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐ പാർട്ടിയുടെ വെർച്വൽ റാലി തടയാനാണിതെന്ന് പിന്നീട് വാർത്ത വന്നു.

ഇന്ത്യയുടെയും അമേരിക്കയുടെയും മോസ്‌റ്റ് വാണ്ടഡ് ക്രിമിനലായ ദാവൂദ് വർഷങ്ങളായി കറാച്ചിയിലാണ്. 1993ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.

വാർത്തകളുടെ പശ്ചാത്തലത്തിൽ ദാവൂദിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ മുംബയ് പൊലീസ് ശ്രമം തുടങ്ങി. മുംബയിൽ താമസമുള്ള ദാവൂദിന്റെ ബന്ധുക്കളായ അലിഷാ പർക്കർ, സാജിദ് വാംഗ്ലെ എന്നിവരിൽ നിന്ന് വിവരം തേടാനാണ് ശ്രമം. ദാവൂദ് ഇബ്രാഹിം രണ്ടാം വിവാഹ ശേഷം കറാച്ചിയിൽ സ്ഥിര താമസമാക്കിയെന്ന് സഹോദരി ഹസീന ജനുവരിയിൽ എൻ.ഐ.എയോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ,​ ദാവൂദ് പാകിസ്ഥാനിലില്ലെന്നാണ് സർക്കാർ നിലപാട്.

മുംബയെ വിറപ്പിച്ച

ഡി കമ്പനി

 മുംബയ് പൊലീസ് കോൺസ്റ്റബിളിന്റെ മകനായി ജനിച്ച് അധോലോക രാജാവായി വളരുകയായിരുന്നു ദാവൂദ്

 ദാവൂദിന്റെ ഡി കമ്പനി 1980കളിൽ അധോലോകം അടക്കിവാണു. ഈ മാസം 26ന് 68 വയസാകും

 മുംബയ് സ്‌ഫോടന മുഖ്യസൂത്രധാരനാണെന്ന് വെളിപ്പെട്ടതോടെ പാകിസ്ഥാനിലേക്ക് കടന്നു

 ഐസിസ്, ലഷ്‌കർ, അൽ ക്വ ഇദ ഭീകരരുമായി ദാവൂദിന് ബന്ധമുണ്ട്. ക്രിക്കറ്റ് വാതുവയ്‌പിൽ സജീവം

 ദാവൂദിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഏതാനും വർഷങ്ങളായി പ്രചരിക്കുന്നു