ബംഗളൂരു: കർണാടകയിലെ കോലാറിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മറ്റൊരു അദ്ധ്യാപകനേയും നാലു കരാർ ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു അദ്ധ്യാപകൻ രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രിൻസിപ്പൽ ഭരതമ്മ, അദ്ധ്യാപകനായ മുനിയപ്പ ഹോസ്റ്റൽ വാർഡൻ മഞ്ജുനാഥ്, ഗസ്റ്റ് അദ്ധ്യാപകൻ അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.

ആറു വിദ്യാർത്ഥികൾക്കാണ് ദുരനുഭവം നേരിട്ടത്. വിദ്യാർത്ഥികൾ സെപ്റ്റിക് ടാങ്കിൽ നിന്ന് മാലിന്യം ബക്കറ്റുപയോഗിച്ച് കോരുന്നതും വെള്ളമൊഴിച്ച് കഴുകുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അദ്ധ്യാപകനും പ്രിൻസിപ്പലും ഇവർക്ക് നിർദ്ദേശങ്ങൾ നൽകി സമീപത്തുണ്ടായിരുന്നു.