dr-shahna

കൊച്ചി: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്ന് പ്രതി ഡോ. ഇ എ റുവൈസ്. സ്ത്രീധന നിരോധന നിയമം അനുസരിച്ച് തനിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കില്ലെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ റുവൈസ് വാദിച്ചു. നേരത്തെ തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റുവൈസ് സമ‌‌‌ർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുട‌ർന്ന് ഇയാൾ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഡോ. ഷഹ്നയോട് താൻ സ്‌ത്രീധനം ആവശ്യപ്പെട്ടുവെന്ന വാദം ശരിയല്ലെന്നാണ് റുവൈസ് ജാമ്യാപേക്ഷയിൽ പറയുന്നത്. പി ജി കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നാണ് താൻ പറഞ്ഞത്. എന്നാൽ ഷഹ്നയ്ക്ക് അത് സമ്മതമല്ലായിരുന്നു. ഡോ.വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാര നടപടിയായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ജാമ്യാപേക്ഷയിൽ റുവൈസ് ആരോപിക്കുന്നു.

പൊലീസ് അറസ്റ്റ് ചെയ്തതിനാൽ തന്റെ കക്ഷിയെ കോളേജിൽ നിന്ന് പുറത്താക്കിയെന്ന് റുവൈസിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മരിച്ച പെൺകുട്ടിയും സമർത്ഥയായിരുന്നുവെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് പി ഗോപിനാഥ് മറുപടി നൽകിയത്. ഒരു കാരണവശാലും സ്‌ത്രീധനം ആവശ്യപ്പെടാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. റുവൈസിന്റെ ജാമ്യാപേക്ഷ ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.