governor

തേഞ്ഞിപ്പാലം: എസ്എഫ്‌ഐയുടെ കനത്ത പ്രതിഷേധങ്ങൾക്കിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർ ഉദ്ഘാടകനായ സെമിനാറിൽ വൈസ് ചാൻസലർ പങ്കെടുത്തില്ല. സർവ്വകലാശാല സനാതന ധർമപീഠം ചെയറും ഭാരതീയ വിചാരകേന്ദ്രവും ചേർന്ന് നടത്തിയ സെമിനാറിൽ അദ്ധ്യക്ഷനാകേണ്ടിയിരുന്നത് വിസി എംകെ ജയരാജായിരുന്നു. എന്നാൽ അദ്ദേഹം പങ്കെടുത്തില്ല. വിസി സെമിനാറിന് എത്താത്തതോടെ സ്വാമി ചിദാനന്ദപുരിയാണ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചത്. വിസി പങ്കെടുക്കുന്നില്ലെങ്കിൽ പ്രോ വൈസ് ചാൻസിലറെ പരിപാടിക്ക് അയക്കേണ്ടതായിരുന്നെന്നും കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

അതേസമം, സെമിനാർ ഹാളിൽ ചടങ്ങ് നടക്കുമ്പോഴും ക്യാമ്പസിന് പുറത്ത് എസ്എഫ്‌ഐ കനത്ത പ്രതിഷേധവുമായി നിലയുറപ്പിച്ചു. ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധിക്കാനെത്തിയ നൂറ് കണക്കിന് എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമർശനമാണ് ഗവർണർ ഉന്നയിച്ചത്. എസ്എഫ്‌ഐ ഗുണ്ടകളുടെ സംഘടനയാണെന്നാണ് ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്കെതിരെ പ്രതിഷേധിക്കാൻ എസ്എഫ്‌ഐക്കാരെ പൊലീസ് സുരക്ഷയിൽ അയയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ വലിയ പ്രതിഷേധമാണ് എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായത്.

കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ സർവകലാശാലാ ക്യാമ്പസിലെത്തിയ ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങി തനിക്കെതിരെയുള്ള ബാനർ അഴിപ്പിച്ചിരുന്നു. മലപ്പുറം എസ്പി എസ് ശശിധരനോട് അതിരൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്.

''ഈ ബാനർ ഇപ്പോൾ നീക്കം ചെയ്തില്ലെങ്കിൽ ഞാനിപ്പോൾ ഇവിടെനിന്ന് പോകും. നിങ്ങളാകും ഉത്തരവാദി. ആരുടെയും അകമ്പടി വേണ്ട. നിങ്ങൾ തന്നെ ബാനർ മാറ്റണം. മുഖ്യമന്ത്രിയാണെങ്കിൽ നിങ്ങൾ ഇതിന് അനുവദിക്കുമോ. എന്നെ അപമാനിക്കാനാണോ ഭാവം. ഇപ്പോൾ തന്നെ നീക്കണം, അല്ലെങ്കിൽ നിങ്ങൾ മറുപടി പറയേണ്ടി വരും. നിങ്ങൾക്ക് ഇതൊന്നും കാണാൻ കണ്ണില്ലേ..' പിന്നാലെ, എസ്.പി ബാനർ അഴിച്ചുമാറ്റുകയായിരുന്നു.

പിന്നാലെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ എംകെ ജയരാജിനെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ഗവർണർ ശാസിക്കുകയും ചെയ്തു. എന്തു നടപടിയെടുത്തെന്ന് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.