ipl

ദുബായ് : 2024 ഐ.പി.എൽ.സീസണിലേക്കുള്ള താരലേലം ഇന്ന് ദുബാ‌യ്‌യിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് ലേലം തുടങ്ങുന്നത്. ഇതാദ്യമായാണ് ഐ.പി.എൽ താരലേലം ഇന്ത്യക്ക് പുറത്ത് നടക്കുന്നത്. കഴിഞ്ഞതിന്റെ മുമ്പത്തെ വർഷം മെഗാലേലം നടന്നതിനാൽ മിക്ക ടീമുകളിലെയും പ്രധാന താരങ്ങൾക്ക് മാറ്റമില്ല. കഴിഞ്ഞ സീസണിന് ശേഷം ഒഴിവാക്കിയ താരങ്ങളുടെയും മറ്റ് ടീമുകളുമായി കൈമാറ്റം നടത്തിയ താരങ്ങളുടെയും ഒഴിവുകളിലേക്കുള്ള താരങ്ങളെയാണ് ഇന്നത്തെ താരലേലത്തിലൂടെ എടുക്കുന്നത്. 38.1 കോ‌ടി ചെലവിടാൻ കഴിയുന്ന ഗുജറാത്ത് ടൈറ്റാൻസാണ് ഏറ്റവും കൂടുതൽ തുക കൈയിലുള്ള ഫ്രാഞ്ചൈസി.

ഇന്ത്യൻ താരങ്ങളെക്കൂടാതെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്,ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരും ലേലത്തിൽ അണിനിരക്കും. മിച്ചൽ സ്റ്റാർക്ക്, ട്രാവിസ് ഹെഡ് ,രചിൻ രവീന്ദ്ര തുടങ്ങിയവരാണ് പ്രധാന വിദേശ താരങ്ങൾ.

333

രജിസ്റ്റർ ചെയ്ത 116 കളിക്കാരിൽ നിന്ന് 333 കളിക്കാരുടെപേരാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ലേലത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

214

ലേലത്തിനുള്ള ഇന്ത്യൻ താരങ്ങളുടെ എണ്ണം.

119

പേർ വിദേശ താരങ്ങളും രണ്ടുപേർ അസോസിയേറ്റ് രാജ്യങ്ങളിൽനിന്നുള്ളവരുമാണ്.

23

പേരാണ് രണ്ട് കോടി അടിസ്ഥാന വിലയുള്ളവർ. ഒന്നരക്കോടി അടിസ്ഥാനവിലയുള്ള 13 പേരുണ്ട്.

3

രണ്ട് കോടി അടിസ്ഥാന വിലയുള്ളവരിൽ മൂന്ന് ഇന്ത്യക്കാർ മാത്രമാണുള്ളത്. ഹർഷൽ പട്ടേൽ, ശാർദൂൽ താക്കൂർ, ഉമേഷ് യാദവ് എന്നിവരാണവർ.

0

ഒന്നരക്കോടി അടിസ്ഥാന വിലയുള്ളവരിൽ ഇന്ത്യക്കാരായി ആരുമില്ല.

116

പേർ ഐ.പി.എലിലെ വിവിധ ക്ലബുകളിൽ കളിച്ചവരാണ്.

215

പേർ ഇതുവരെ ഒരു ഐ.പി.എൽ. ടീമിലും കളിക്കാത്തവരാണ്.

77

സ്ലോട്ടുകളാണ് ടീമുകൾക്ക് പരമാവധി ലഭ്യമാവുക. ഇതിൽ വിദേശകളിക്കാർ പരമാവധി 30 പേർ.