
സമരങ്ങളെ എങ്ങനെ നേരിടണം, ജനക്കൂട്ട നിയന്ത്രണം എങ്ങനെ വേണം, എപ്പോഴൊക്കെ ബലം പ്രയോഗിക്കാം, ശാരീരിക ബലപ്രയോഗത്തിന് മുന്നറിയിപ്പു നൽകുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ എന്തെല്ലാം, ബലപ്രയോഗം വേണ്ടിവരുന്നെങ്കിൽ എത്രത്തോളം, ലാത്തി പ്രയോഗിക്കേണ്ടത് എങ്ങനെ, ഏതെല്ലാം ശരീരഭാഗങ്ങളിൽ ലാത്തികൊണ്ട് സ്പർശിക്കാം ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം തുടങ്ങിയവയൊക്കെ കേരള പോലീസ് മാന്വലിൽ വ്യക്തമാക്കുന്നുണ്ട്. പ്രായോഗികമായി ഇതെല്ലാം പൂർണമായി പാലിക്കാൻ പോലീസിന് പലപ്പോഴും ബുദ്ധിമുട്ടു നേരിടാമെങ്കിലും, ജനത്തെ പിരിച്ചുവിടാൻ സ്വീകരിക്കുന്ന നടപടികൾ ഒരിക്കലും മനുഷ്യത്വരഹിതമായിക്കൂടാ. സ്ഥിരവൈകര്യങ്ങൾക്ക് വഴിവയ്ക്കാവുന്ന മുറകൾ പാടില്ലെന്ന് പൊലീസ് മാന്വലിൽ പ്രത്യേകം പറയുന്നുണ്ട്.
ജലപീരങ്കിയുടെ
പ്രയോഗങ്ങൾ
ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് പ്രയോഗിക്കുന്ന ജലപീരങ്കിയിൽ ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണമേന്മ പ്രധാനമാണ്. കുളങ്ങളിൽ നിന്നോ പുഴകളിൽ നിന്നോ മറ്റോ നേരിട്ട് പമ്പ് ചെയ്തതും, അണുനശീകരണ പ്രക്രിയയ്ക്ക് വിധേയമാക്കാത്തതുമായ ജലമാണ് ഉപയോഗിക്കുന്നതെങ്കിൽ അത് എലിപ്പനിക്കോ (ലെപ്റ്റോസ്പൈറോസിസ് ) മറ്റ് ജലജന്യ രോഗങ്ങളായ കോളറ ഉൾപ്പെടെയുള്ളവയ്ക്കോ കാരണമായേക്കാം.
ശക്തമായ മർദ്ദത്തിൽ ചീറ്റിവരുന്ന ജലകണികകൾ കണ്ണുകൾക്കും ചെവികൾക്കും ഗുരുതരമായ കേടുപാടുകൾ വരുത്താൻ സാദ്ധ്യതയുണ്ട്. ചെങ്കണ്ണ് മുതൽ കണ്ണിന്റെ മുൻഭാഗത്തെ ആവരണത്തിന് മുറിവേല്പിക്കുന്ന (കോർണിയൽ ഇഞ്ചുറി) അപകടസ്ഥിതി വരെ ഇതുമൂലം ഉണ്ടാകാം. നേത്രപടലത്തിന്റെ ആവരണത്തിനുണ്ടാകുന്ന മുറിവുകളും അണുബാധയും ഒരാളുടെ കാഴ്ചയെത്തന്നെ ബാധിക്കുന്ന സങ്കീർണാവസ്ഥകൾക്കും വഴിവച്ചേക്കാം. കണ്ണിൽ ഇങ്ങനെയുണ്ടാകുന്ന മുറിവുകൾ, പ്രമേഹത്തിന് ചികിത്സ സ്വീകരിക്കുന്നവരിലും, പ്രമേഹമുണ്ടെന്ന് അറിയാത്തവരിലും വളരെ വേഗം അണുബാധയ്ക്കും തുടർപ്രശ്നങ്ങൾക്കും
കാരണമാകും.
ജലം അതിശക്തമായ മർദ്ദത്തിൽ കണ്ണുകളിൽ പതിക്കുമ്പോൾ കണ്ണുകളിലെ രക്തക്കുഴലുകൾക്ക് മുറിവേല്ക്കാൻ സാദ്ധ്യത കൂടുതലാണ്. കണ്ണിനുള്ളിലെ വിട്രിയസ് ചേംബർ എന്ന അറയിലെ രക്തസ്രാവം നേത്രപടലത്തിലെ വിള്ളലിനും റെട്ടിനൽ ഡിറ്റാച്മെന്റ് എന്ന സങ്കീർണസ്ഥിതിക്കും വഴിയൊരുക്കാൻ സാദ്ധ്യതയുണ്ട്. പൂർണമായ കാഴ്ചനഷ്ടത്തിനു പോലും കാരണമായേക്കാവുന്ന അവസ്ഥകളാണ് ഇവ.
കേൾവിനഷ്ടവും
വൈകല്യങ്ങളും
കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ പോലെ പ്രധാനമാണ് ചെവികൾക്ക് സംഭവിക്കാവുന്ന മെക്കാനിക്കൽ ഇഞ്ചുറി വിഭാഗത്തിൽപ്പെടുന്ന ക്ഷതങ്ങൾ. ജലപീരങ്കിയിൽ നിന്ന് ശക്തമായി ചീറ്റുന്ന വെള്ളം ബാഹ്യകർണം മദ്ധ്യകർണം, ആന്തരിക കർണം എന്നീ മൂന്നു ഭാഗങ്ങൾക്കും ക്ഷതമേല്പിക്കാം. മർദ്ദത്തോടെ ചീറ്റുന്ന വെള്ളം ചെവിക്കുടകൾക്കും അതിനുള്ളിലെ നേർത്ത തരുണാസ്ഥികൾക്കും സ്ഥിരമായ ക്ഷതത്തിന് വഴിവയ്ക്കും. അതിവേഗം ചീറ്റുന്ന ജലം ചെവികൾക്കുള്ളിലേക്ക് അതേ വേഗതയിൽ പ്രവേശിക്കാനിടയായാൽ, ഈ ജലകണികകൾ ഒരു തോക്കിൽ നിന്ന് പാഞ്ഞുവരുന്ന വെടിയുണ്ട പോലെ കർണപുടം തുളച്ച് അകത്തു കടക്കുകയും, കർണപടത്തിൽ സുഷിരം ഉണ്ടാക്കുകയും മദ്ധ്യകർണത്തിന് അണുബാധയേല്പിക്കുകയും ചെയ്യും.
വീണുകിടന്നാലും
പൊതിരെ തല്ല്
ജലപീരങ്കിയുടെ ആഘാതം മൂലമോ പൊലീസിന്റെ ലാത്തിപ്രഹരമേറ്റോ വീണുകിടക്കുന്നവരെ തല ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ലാത്തികൊണ്ട് പൊതിരെ തല്ലുന്ന ദൃശ്യങ്ങൾ പലപ്പോഴും മാദ്ധ്യമങ്ങളിൽ കാണാറുണ്ട്. ഒരു തരത്തിലുമുള്ള പ്രത്യാക്രമണത്തിനു മുതിരാതെ നിസ്സഹായരായി കിടക്കുന്നവരെ വീണ്ടും തല്ലുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും, സ്ഥിരവൈകല്യങ്ങൾക്കു പോലും കാരണമാകുന്ന പീഡനമുറകളാണ്. ലാത്തികൊണ്ട് തലയ്ക്ക് അടിയേറ്റാൽ ഒരുപക്ഷേ, അയാൾ വീഴുന്നത് ബോധക്ഷയം വന്നാകാം. അത്തരം സാഹചര്യത്തിൽ
ആ വ്യക്തിക്ക് റിഫ്ലെക്സ് പൂർണമായോ ഭാഗികമായോ ഇല്ലാത്ത ഒരു അവസ്ഥ സംജാതമാകും. അയാളുടെ ശരീരത്തിൽ വീഴുന്ന ഓരോ അടിയുടെയും ആഘാതം, ബോധമുള്ള ഒരാൾക്കുള്ളതിനേക്കാൾ വളരെ കൂടിയിരിക്കും. അതിനാലാണ് വീണുകിടക്കുന്നയാളെ അടിക്കരുത് എന്നു പറയുന്നത്.
ലാത്തിപ്രയോഗം കാരണം സംഭവിക്കാവന്ന മെഡിക്കൽ എമർജൻസികളിൽ പ്രധാനം കൈകളിലെയോ കാലുകളിലെയോ അസ്ഥികൾക്കുണ്ടാകുന്ന ഒടിവുകളാണ്. അടിയേല്ക്കുമ്പോൾ മനുഷ്യന്റെ സ്വതസിദ്ധമായ റിഫ്ലക്സ് പ്രവർത്തിക്കുകയും, അടി തടയാൻ ശ്രമിക്കുകയുമാകും ആദ്യം ചെയ്യുക. ഇങ്ങനെ തടുക്കുമ്പോൾ മുൻകൈകളിലെ റേഡിയസ്, അൾന എന്നീ അസ്ഥികൾക്ക് ഒടിവുണ്ടായേക്കാം. കാലുകളിൽ മുട്ടിനു താഴെ മുൻ ഭാഗത്താണ് അടിയേല്ക്കുന്നതെങ്കിൽ കാലിലെ അസ്ഥികളായ ടിബിയ, ഫിബുല എന്നിവയ്ക്ക് ഒടിവിനും അനുബന്ധ പ്രശ്നങ്ങൾക്കും സാദ്ധ്യതയുണ്ട്. കായികാദ്ധ്വാനം വേണ്ടുന്നവർക്കും കായികതാരങ്ങൾക്കും മറ്റും ഈ ഒടിവുകൾ പലപ്പോഴും മുന്നോട്ടുള്ള ജീവിതത്തെത്തന്നെ സാരമായി ബാധിച്ചേക്കാം.
തലയിലെ
ക്ഷതങ്ങൾ
ട്രോമാറ്റിക് ബ്രെയിൻ ഇഞ്ചുറി വിഭാഗത്തിൽ തലയോട്ടിയിലെ ചർമത്തിനു തൊട്ട് അടിഭാഗത്ത്, തലയോട്ടിയിലെ അസ്ഥിക്ക് പുറമെയായി രക്തക്കുഴലുകൾ പൊട്ടി മുഴ രൂപത്തിൽ കാണപ്പെടുന്ന അവസ്ഥ സംജാതമായേക്കും. പുറമേ നോക്കിയാൽ ചർമത്തിൽ വിള്ളലുകൾ കാണണമെന്നില്ല. തലയോട്ടിക്കു പുറത്തുള്ള കട്ടി കൂടിയ ചർമ്മത്തിനുണ്ടാകുന്ന മുറിവുകൾ, തലയോട്ടിയിലെ താരതമ്യേന പുറംഭാഗത്തെ അസ്ഥിയുടെ പുറംപാളിക്കു മാത്രം ഉണ്ടാകുന്ന ചതഞ്ഞുപൊട്ടൽ, തലച്ചോറിന് ഉണ്ടാകാവുന്ന ലഘുവായ ക്ഷതങ്ങൾ, ചെറിയ തോതിലുള്ള ചതവ് എന്നിവയൊക്കെയാണ് ലാത്തി പ്രഹരത്തിൽ സംഭവിക്കാവുന്ന ക്ഷതങ്ങൾ.
എങ്കിലും, നിസ്സാരമെന്നു കരുതുന്ന ഇത്തരം മുറിവുകളോ പൊട്ടലുകളോ ചിലപ്പോൾ ജീവഹാനിക്കു പോലും കാരണമാകാം. ഉദാഹരണത്തിന്, തലയുടെ ഉപരിതലത്തിലെ മുറിവുമായി ദീർഘനേരം ഒരാൾ ചികിത്സ ലഭിക്കാതെ കിടന്നാൽ, രക്തം വാർന്നുപോകുന്നതിലൂടെ മാത്രം ജീവൻ നഷ്ടപ്പെടാം. അടിയേറ്റ്, തലയോട്ടിയിൽ ചെറിയ ഫ്രാക്ചർ വന്ന ഒരാളുടെ തലയിൽ വീണ്ടും വീണ്ടും അടിയേല്ക്കുന്നതു മൂലം ഗുരുതരമായ ശിരോക്ഷതമായി മാറിയേക്കാം. തലയോട്ടിക്കും തലച്ചോറിനും ഉണ്ടാകുന്ന ഇത്തരം ഗുരുതര ക്ഷതങ്ങൾ ചിലപ്പോൾ ജീവൻ തന്നെ അപകടത്തിൽ ആക്കുന്നവയാകും. ഗുരുതര ക്ഷതങ്ങളുടെ കാര്യത്തിൽ, ചികിത്സ കഴിഞ്ഞ് ദീർഘനാൾ നീണ്ടുനിൽക്കുന്ന തലവേദന, തലചുറ്റൽ, ജന്നി പോലുള്ള അസുഖങ്ങൾ, കാഴ്ച- കേൾവി വൈകല്യങ്ങൾ തുടങ്ങി വിഷാദരോഗങ്ങൾക്കു പോലും വഴി വയ്ക്കുകയും ചെയ്യും. ഉത്തരവാദിത്വബോധമുള്ള പൊതുസമൂഹം ചർച്ച ചെയ്യേണ്ടതാണ് ഇത്തരം കാര്യങ്ങൾ.
(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം സോഷ്യൽ മീഡിയാ എഡിറ്റർ ആണ് ലേഖകൻ. മൊബൈൽ: 94003 28438)