governor

കോഴിക്കോട്: മിഠായിത്തെരുവില്‍ 70കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ സിപിഎം. അപ്രതീക്ഷിതമായി ഗവര്‍ണര്‍ തെരുവിലേക്ക് ഇറങ്ങിയത് കാരണം ഗതാഗതക്കുരുക്കും ജനത്തിരക്കും അനുഭവപ്പെട്ടിരുന്നു. ഇത് കാരണം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് ചേവായൂര്‍ സ്വദേശി അശോകന്‍ അടിയോടിയുടെ മരണത്തിന് കാരണമെന്നാണ് സിപിഎം ആരോപണം.

ഗവര്‍ണര്‍ എസ്.എം സ്ട്രീറ്റില്‍ എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് അശോകന്‍ കുഴഞ്ഞുവീണത്. കത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. മരണത്തിന് ഉത്തരവാദി ഗവര്‍ണറാണെന്നും സിപിഎം ആരോപിക്കുന്നു.

മാനാഞ്ചിറയ്ക്ക് സമീപം എല്‍ഐസി ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ ഉച്ചക്ക് 12.36നാണ് അശോകന്‍ കുഴഞ്ഞുവീണത്. 12.55ഓടെയാണ് അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

പൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്നും തന്നെ ജനങ്ങള്‍ നോക്കിക്കോളുമെന്നും പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ റോഡിലിറങ്ങിയത്. ബിജെപി പ്രവര്‍ത്തകര്‍ ഗവര്‍ണറെ അനുഗമിച്ചിരുന്നു. സുരക്ഷ വേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞെങ്കിലും സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു.