
ബ്രൈട്ടണെ 2-0ത്തിന് തോൽപ്പിച്ച് ആഴ്സനൽ
ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി സമനിലയിൽ
ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഗോൾ രഹിതസമനിലയിൽ പിരിഞ്ഞതോടെ ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് ആഴ്സനൽ തിരികെയെത്തി. കഴിഞ്ഞ മത്സരത്തിൽ ബ്രൈട്ടൺ ആൻഡ് ഹോവിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതാണ് താക്കോൽസ്ഥാനം തിരികെപ്പിടിക്കാൻ ആഴ്സനലിന് സഹായകമായത്. ലീഗിൽ 17 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു പോയിന്റിന്റെ ലീഡാണ് ആഴ്സനലിനുള്ളത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗബ്രിയേൽ ജീസസും കായ് ഹാവെർട്സും നേടിയ ഗോളുകൾക്കാണ് ആഴ്സനൽ ബ്രൈട്ടനെ തോൽപ്പിച്ചത്. 53- ാം മിനിട്ടിലാണ് ഗബ്രിയേൽ ഗോളടിച്ചത്. 87-ാം മിനിട്ടിലായിരുന്നു ഹാവെർട്സിന്റെ ഗോൾ. സീസണിലെ 12-ാം വിജയന നേടിയ ആഴ്സനലിന് 39 പോയിന്റായി. കഴിഞ്ഞ വാരം ആഴ്സനൽ ആസ്റ്റൺ വില്ലയോട് തോറ്റതോടെ പിടിച്ചെടുത്ത ഒന്നാം സ്ഥാനമാണ് ലിവർപൂളിന് തിരിച്ചുകൊടുക്കേണ്ടിവന്നത്. ലിവർപൂളിന് 38 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയ്ക്കും 38 പോയിന്റുണ്ട്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി 34 പോയിന്റുമായി നാലാമതാണ്. 28 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാമതാണ്.