
കൊച്ചി: യെമനിലെ ഹൂതി സായുധവിഭാഗങ്ങളുടെ ആക്രമണം പതിവായതോടെ ചരക്കുകപ്പലുകൾ ചെങ്കടലും സൂയസ് കനാലും ഒഴിവാക്കുന്നതിനാൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആശങ്കയേറുന്നു. യൂറോപ്പും ഏഷ്യയുമായുള്ള ചരക്ക് വ്യാപാരത്തിൽ ഏറെയും ഈ റൂട്ടിലൂടെയാണ് നടക്കുന്നത്. ലോകത്തിലെ മുൻനിര ഷിപ്പിംഗ് കമ്പനികൾ ചെങ്കടൽ ഒഴിവാക്കി ഗുഡ്ഹോപ്പ് മുനമ്പിലൂടെ കപ്പലുകൾ വഴി തിരിച്ചുവിടുന്നതിനാൽ ചരക്ക് കൈമാറ്റ ചാർജിലും ഇൻഷ്വറൻസ് ചെലവിലും 30 ശതമാനം വർദ്ധനയുണ്ടാകുമെന്ന് പ്രമുഖ വ്യവസായ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കപ്പലുകൾ ചുറ്റിക്കറങ്ങി പോകുന്നതിനാൽ കണ്ടെയ്നറുകൾ യൂറോപ്പിലെത്താൻ പതിനഞ്ച് മുതൽ ഇരുപത് ദിവസം വരെ കൂടുതലെടുക്കുന്നതാണ് കയറ്റുമതിക്കാർക്ക് തലവേദന സൃഷ്ടിക്കുന്നത്. ക്രിസ്മസ്, പുതുവത്സര വിപണികളിലേക്കുള്ള ചരക്കുകൾ ഏറെയും നേരത്തെ കയറ്റി അയച്ചതിനാൽ ആശ്വാസമുണ്ടെന്നും അവർ പറഞ്ഞു.
ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്ന ചരക്ക് കപ്പലുകളിൽ അൻപത് ശതമാനത്തിലേറെയും സൂയസ് കനാൽ വഴിയാണ് പോകുന്നത്. മൊത്തം ആഗോള വ്യാപാരത്തിന്റെ 12 ശതമാനമാണിത്. കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പിലൂടെ വഴി തിരിച്ചു വിടുന്ന സാഹചര്യമുണ്ടായാൽ കൊച്ചി, തൂത്തുക്കുടി തുടങ്ങിയ തുറമുഖങ്ങളിൽ വലിയ തോതിൽ ചരക്കുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകുമെന്നും കയറ്റുമതിക്കാർ പറയുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ നിന്നും നേരിട്ട് യൂറോപ്പിലേക്ക് ചരക്ക് ഗതാഗതം നടത്തുന്ന കപ്പലുകളുടെ എണ്ണം വളരെ കുറവാണ്. കൊളംബോ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കപ്പലുകളെയാണ് ആഭ്യന്തര കയറ്റുമതിക്കാർ കൂടുതലായി ആശ്രയിക്കുന്നത്. അതിനാൽ റൂട്ടിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ യഥാസമയം യൂറോപ്പിലെത്തുന്നതിന് തടസം നേരിടുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. അതേസമയം സൂയസ് കനാൽ ഒഴിവാക്കാൻ കപ്പൽ കമ്പനികൾ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് ഷിപ്പിംഗ് രംഗത്തുള്ളവർ പറയുന്നു.
ഇറക്കുമതിക്കും തലവേദനയാകും
സംസ്ഥാനത്തെ പ്രമുഖ പൊതു മേഖലാ വളം കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് ട്രാവൻകൂർ ലിമിറ്റഡ് ഉൾപ്പെടെയുള്ള കമ്പനികളെ ചെങ്കടലിലെ രാഷ്ട്രീയ ആക്രമണങ്ങൾ പ്രതികൂലമായി ബാധിച്ചേക്കും. സൂയസ് കനാൽ ഒഴിവാക്കാൻ ഷിപ്പിംഗ് കമ്പനികൾ തീരുമാനിച്ചാൽ അസംസ്കൃത സാധനങ്ങളുടെ വരവ് അനിശ്ചിതമായി വൈകാൻ ഇടയുണ്ടെന്ന് ഇറക്കുമതി സ്ഥാപനങ്ങൾ പറയുന്നു.
ഹൂതി വിപ്ളവകാരികൾ
ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ പാലസ്തീനോടുള്ള പിന്തുണ അറിയിക്കാനാണ് തുടർച്ചയായി ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത്.