
ലക്നൗ: ഉത്തര്‍പ്രദേശിലെ ഉമേഷ് പാൽ വധക്കേസിലെ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മുഹമ്മദ് നഫീസ് എന്ന നഫീസ് ബിരിയാണി(52)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. നഫീസിനെ കഴിഞ്ഞമാസമാണ് യു.പി. പോലീസ് ഏറ്റുമുട്ടലിൽ കീഴടക്കിയത്. കാലിൽ വെടിയേറ്റ ഇയാളെ ചികിത്സയ്ക്ക് ശേഷം നൈനി സെൻട്രൽ ജയിലിലായിരുന്നു. കഴിഞ്ഞദിവസം ശ്വാസതടസം അനുഭവപ്പെടുന്നതായി നഫീസ് പറഞ്ഞതിനെ തുടർന്ന് ജയിലിലെ ഡോക്ടർ ഇയാളെ എസ്.ആർ.എൻ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം . അതേസമയം, നഫീസിന്റെ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തതവരികയുളളൂ എന്ന് ജയിൽ സൂപ്രണ്ടറ്റ് പറഞ്ഞു.
2005-ല്‍ ബി.എസ്.പി. എം.എൽ.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷിയായ ഉമേഷ് പാലിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 24-നാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഉമേഷ് പാലിനൊപ്പം സുരക്ഷയ്ക്കുണ്ടായിരുന്ന രണ്ട് പോലീസുകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ 22-ാം തീയതി നവാബ്ഗഞ്ച് മേഖലയിൽനിന്ന് ഇയാളെ പോലീസ് പിടികൂടിയത്.