
പത്തനംതിട്ട: പന്തളത്ത് നിന്ന് മൂന്ന് പെൺകുട്ടികളെ കാണാനില്ല. പത്തനംതിട്ട പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേയ്ക്ക് പോയ വിദ്യാർത്ഥിനികൾ വെെകുന്നേരമായിട്ടും തിരിച്ചെത്തിയില്ല.പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് കാണാതായത്. ബാലാശ്രമം അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഇന്നലെ കഞ്ചിക്കോട് കിഴക്കേത്തറയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. സേലം ആത്തൂർ അമ്മൻ പാളയം സെന്തിൽകുമാറിനെയാണ് പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ശനിയാഴ്ച വൈകീട്ടാണ് സെന്തിൽ കുമാർ ചോക്ലേറ്റ് നൽകി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഓട്ടോയിൽ കുട്ടിയെ കൊണ്ട് പോകുന്നതിനിടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടി പൊലിസിനെ ഏൽപ്പിച്ചത്.മദ്യ ലഹരിയിലായിരുന്ന ഇയാൾ കുട്ടിയെ തമിഴ്നാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നതായി സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് വാളയാർ ഇൻസ്‌പെക്ടർ എ.ആദംഖാൻ പറഞ്ഞു.