police

ഗാസിപൂര്‍: കന്നുകാലികളെ പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുപോകുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് എന്‍കൗണ്ടറില്‍ പൊലീസ് വെടിവച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു. ബീഹാര്‍ സ്വദേശിയായ സുനില്‍ റാം എന്ന യുവാവാണ് വാരാണസിയിലെ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദില്‍ദര്‍നഗര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സുനില്‍ ഒരു വാനില്‍ കന്നുകാലികളെ കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്നും പൊലീസിന്റെ വെടിയേറ്റ് ഇയാളുടെ കാലിന് പരിക്കേറ്റിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വ്യാഴാഴ്ച ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യം മോശമാകുകയും തുടര്‍ന്ന് വാരാണസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പോസ്റ്റ്മാര്‍ട്ടം നടപടിക്ക് ശേഷം ഇയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്ന് എസ്.എച്ച്.ഒ പവന്‍ കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.പി ഓംവീര്‍ സിംഗ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.