cricket

ജയ്പുർ : കുച്ച് ബിഹാർ ട്രോഫി അണ്ടർ -19 ക്രിക്കറ്റ് ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിലെത്തി കേരളത്തിന്റെ ചുണക്കുട്ടന്മാർ. ഗ്രൂപ്പ് റൗണ്ടിലെ അഞ്ചുമത്സരങ്ങളിൽ നാലിലും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അഹമ്മദ് ഇമ്രാൻ നയിക്കുന്ന കേരള ടീം അവസാന നാലിലേക്ക് കടന്നത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ രാജസ്ഥാനെ എട്ടുവിക്കറ്റിനാണ് തോൽപ്പിച്ചത്.

ആദ്യ ഇന്നിംഗ്സിൽ രാജസ്ഥാനെ 71 റൺസിൽ ആൾഒൗട്ടാക്കിയശേഷം കേരളം 274 റൺസ് എടുത്തു. 203 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ രാജസ്ഥാൻ 480 റൺസ് അടിച്ച് വെല്ലുവിളി ഉയർത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യമായ 278 റൺസ് രണ്ട് വിക്കറ്റ് നഷ്‌ത്തിൽ കേരളം മറികടന്നു. അക്ഷയ് എസ്.എസിന്റെ സെഞ്ച്വറിയും (121*),മുഹമ്മദ് ഇനാന്റെയും (83*), ആകർഷിന്റെയും (52) അർദ്ധസെഞ്ച്വറികളുമാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. ഇനാൻ ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം നന്നിംഗ്സിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. സൗരാഷ്ട്ര,അസാം,ഹരിയാന എന്നിവർക്കെതിരെയായിരുന്നു ഗ്രൂപ്പ് റൗണ്ടിലെ കേരളത്തിന്റെ മറ്റ് വിജയങ്ങൾ. ഷൈൻ എസ്.എസാണ് കേരളത്തിന്റെ ഹെഡ് കോച്ച്.

4

ഇത് നാലാം തവണയാണ് കേരളം കുച്ച് ബിഹർ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിലെത്തുന്നത്. 2003/04ൽ റെയ്ഫി വിൻസന്റ് ഗോമസിന്റെ ക്യാപ്‌ടൻസിയിലായിരുന്നു ആദ്യം. 2010/11 സീസണിൽ അക്ഷയ് കോടോത്തിന് കീഴിലും ക്വാർട്ടറിലെത്തി. 2018/19 സീസണിൽ വത്സൽ ഗോവിന്ദിന്റെ ക്യാപ്ടൻസിയിലാണ് മൂന്നാമതായി ക്വാർട്ടർ കളിച്ചത്.