
കെജിഎഫിന് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിച്ച് പ്രശാന്ത് നീൽ സംവിധാനം നിർവഹിച്ച പ്രഭാസ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് 'സലാർ'. വരദരാജ മന്നാർ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയുമായ ദേവയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ആദ്യ ഭാഗമായ സലാറിൽ പറയുന്നത്. ചിത്രത്തിൽ പൃഥ്വിരാജാണ് വരദരാജ മന്നാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഭാസാണ് ദേവ. ഇപ്പോഴിതാ ആദ്യം സലാറിനോട് നോ പറയാനാണ് ഇരുന്നതെന്നാണ് നടൻ പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
'ആദ്യം 'സലാർ' എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ നോ പറയാനാണ് ഇരുന്നത്. എന്നാൽ പിന്നെ ചിത്രത്തിന്റെ വിവരണം കേട്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. സലാറിന്റെ കഥ ഒരിക്കലും രണ്ട് സുഹൃത്തുക്കളെ കുറിച്ചുള്ളതല്ല. എനിക്ക് വ്യത്യസ്തമായ ഐഡിയയാണ് ഈ ചിത്രത്തെക്കുറിച്ച് കിട്ടിയത്. ഈ ചിത്രം ഒരു ഡ്രാമ പോലെയാണ്. ഞാൻ എപ്പോഴും സലാറിനെ ഗെയിം ഓഫ് ത്രോൺസുമായി ഉപമിച്ചിരുന്നു'. - പൃഥ്വിരാജ് പറഞ്ഞു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ 22ന് തീയേറ്ററുകളിൽ എത്തും. പ്രഭാസ് നായകനാകുന്ന സലാറിന്റെ ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായി മാറിയിരുന്നു. ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ്.