arvind-kejriwal-

ന്യൂ‌‌ഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും എ എ പി കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി) വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ആ മാസം 21ന് ഹാജരാകണമെന്നാണ് നോട്ടീസ്. കഴിഞ്ഞ മാസവും ഇ ഡി ഹാജരാകൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

എന്നാൽ കേജ്‌രിവാൾ അന്ന് ഹാജരായിരുന്നില്ല. ഇ ഡി നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഫലമാണെന്ന് വ്യക്തമാക്കിയാണ് അന്ന് വിട്ടു നിന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും ഇ ഡി നോട്ടീസ് അയച്ചത്.

മദ്യനയ കേസിൽ ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരെ നേരത്തെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. വിവാദമായ മദ്യനയക്കേസിൽ കുറ്റാരോപിതനായി ജയിലിലടയ്ക്കപ്പെട്ടതിന് പിന്നാലെ മനീഷ് സിസോദിയയുടെ ഡൽഹി ഉപമുഖ്യമന്ത്രിസ്ഥാനം തെറിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26നാണ് ചോദ്യം ചെയ്യലിനായി ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് വിളിച്ചു വരുത്തിയ സിസോദിയയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മദ്യനയവുമായി ബന്ധപ്പെട്ട ഇ ഡി കേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.