
ന്യൂഡല്‍ഹി: ഐസിസ് ബന്ധമുള്ള എട്ട് പേരെ കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് എന്‍ഐഎ. വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്ന സ്‌ഫോടന പരമ്പര തടയാനായതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്രയിലെ മുംബയ്, പൂനെ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മൊത്തം 19 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് അറസ്റ്റിലായവരില്‍ നിന്ന് ഐ.ഇ.ഡി ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. തീവ്രവാദ ബന്ധമുള്ളവരില്‍ നിന്ന് പിടിച്ചെടുത്ത മാരക ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ എന്‍ഐഎ സംഘം നശിപ്പിച്ചു.കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ 40 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 15 പേര്‍ അറസ്റ്റിലായിരുന്നു.
ഐസിസിന്റെ ബല്ലാരിയിലെ സംഘത്തിന്റെ തലവന്‍ മിനാസ് എന്ന മുഹമ്മദ് സുലൈമാനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താനും കോളേജ് വിദ്യാര്‍ഥികളെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച് സംഘത്തില്‍ ചേര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എ. പറഞ്ഞു.
രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാന പൊലീസ് സേനകളുമായി സഹകരിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്. അതേസമയം പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല.
കോളേജ് വിദ്യാര്‍ത്ഥികളായ യുവാക്കളെ ഐസിസ്‌ലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.