
ന്യൂഡൽഹി : കൊവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ- 1ന്റെ വ്യാപനത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദ്ദേശവുമായി കേന്ദ്രം. സംസ്ഥനങ്ങളിൽ ആർ.ടി.പി.സി.ആർ അടക്കമുള്ള പരിശോധനകൾ ഊർജിതമാക്കണമെന്ന് നിർദ്ദേശമുണ്ട്. ജില്ലാടിസ്ഥാനത്തിൽ രോഗവ്യാപനം കർശനമായി നിരീക്ഷിക്കണം. മതിയായ പരിശോധന ഉറപ്പാക്കണം, പരിശോധനകളുടെ എണ്ണം ഉറപ്പാക്കണം. ഏതെങ്കിലും കേസുകൾ പോസിറ്റീവാകുകയാണെങ്കിൽ ജനിതക ശ്രേണികരണത്തിനായി ഇൻസകോഗ് ( Indian SARS COV-2 Genomics Consortium ) ലബോറട്ടറികളിലേക്ക് അയയ്ക്കാനും നിർദ്ദേശമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മറ്റന്നാൾ കേന്ദ്രം അവലോകന യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തും. കേരളത്തിലുൾപ്പെടെ കേരളത്തിൽ കൊവിഡിന്റെ ഉപവകഭേദമായ ജെ.എൻ 1 കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിർദ്ദേശം.
അതേസമയം കേരളത്തിൽ ജെഎൻ 1 കണ്ടെത്തിയത് ഒരാളിൽ മാത്രമാണെന്നും തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള വ്യക്തി ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തി നേടിയെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊവിഡ് കേസുകൾ കൂടുതലാണെന്ന നിലയിൽ അനാവശ്യ ഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു. നവംബർ മുതൽ കൊവിഡ് കേസുകളിൽ ചെറുതായി വർദ്ധനവുണ്ടായതോടെ സാമ്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. അതിൽ നിന്നാണ് ജെഎൻ 1 കണ്ടെത്തിയത്.അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരിൽ ജെ.എൻ 1 അവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കൊവിഡ് വകഭേദം ഉണ്ടെന്നതിന് തെളിവാണിത്. കേരളത്തിൽ ഇത് പരിശോധനയിലൂടെ കണ്ടെത്തിയെന്നതാണ് പ്രത്യേകത.
മരിച്ച ആളുകൾക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും കൊവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റായവരാണ്. രോഗം പടരുന്നുവെന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാൻ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കൊവിഡ് വരാതിരിക്കാൻ കരുതൽ സ്വീകരിക്കണം.
ഐ.സി.യു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോയെന്ന് തുടക്കം മുതൽ പരിശോധിക്കുന്നുണ്ട്. ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്സിജൻ കിടക്കകൾ, ഐ.സി.യു കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.