ariff

തേഞ്ഞിപ്പലം: ശ്രീനാരായണ ഗുരുവിന്റെ ദർശനം കാലികപ്രസക്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ' എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല സനാതന ധർമ്മപീഠവും ഭാരതീയ വിചാരകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച സെമിനാർ യൂണിവേഴ്‌സിറ്റി സെമിനാർ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുവിന്റെ ജീവിതം എക്കാലവും പ്രസക്തമാണ്. ഗുരുദേവ ദർശനങ്ങൾ ഒരിക്കലും മറക്കാൻ പാടില്ലാത്തതാണെങ്കിലും പലപ്പോഴും നമ്മളത് മറന്നു പോകുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതം മറ്റെന്തിനെക്കാളും ശക്തമായിരുന്നു. സന്ന്യാസത്തിന്റെ സാമൂഹികപദവി പുനർവ്യഖ്യാനിച്ച വ്യക്തിയാണദ്ദേഹം. വൈദേശിക പാരമ്പര്യം പിന്തുടരാതെ സനാതന ധർമ്മവും അദ്വൈത സിദ്ധാന്തവുമാണ് അദ്ദേഹം പിന്തുടർന്നത്. സനാതന ധർമ്മം കാലദേശങ്ങൾക്കനുസരിച്ച് മാറ്റമില്ലാത്തതാണ്. ഇന്ത്യൻ ഐക്യത്തിന്റെ അടിസ്ഥാനം തന്നെ സനാതന ധർമ്മമാണ്. സനാതന ധർമ്മം വർണ്ണ-വർഗ്ഗ ഭാഷകളുടെ അടിസ്ഥാനത്തിലല്ല മറിച്ച്, എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ്. ഭാരതീയ പൗരനെന്ന നിലയിൽ നമ്മുടെ പാരമ്പര്യം അറിഞ്ഞിരിക്കണം. നമ്മുടെ സാംസ്‌കാരിക പൈതൃകം മറക്കരുത്. എല്ലായിടത്തും സ്വീകാര്യമായ മറ്റൊരു സംസ്‌കാരമില്ല. ഇന്ത്യ എങ്ങനെയാണ് നാനാത്വത്തിൽ ഏകത്വം നിലനിറുത്തുന്നതെന്ന് അത്ഭുതത്തോടെ ചോദിച്ചവരോട് ഇന്ത്യയുടെ പാരമ്പര്യം പഠിക്കാനാണ് താൻ പറഞ്ഞത്. ഇന്ത്യയിൽ നടന്ന ജി 20 കോൺഫറൻസ് ലോകമാകമാനം ശ്രദ്ധ നേടിയതിലൂടെ ഇന്ത്യയുടെ പൈതൃകമെന്തെന്ന് വ്യക്തമായെന്നും ഗവർണർ പറഞ്ഞു. സെമിനാറിൽ ഭഗവത്‌ഗീതയും ഗവർണർ ഉദ്ധരിച്ചു. സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷനായി.