
ന്യൂഡൽഹി : ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങളാണ് റഷ്യയും സൗദി അറേബ്യയും. ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നീക്കത്തിൽ അമ്പരന്നിരിക്കുകയാണ് സൗദിയും റഷ്യയും ഇപ്പോൾ, എണ്ണ ഉത്പാദനം കുറച്ച് വില കൂട്ടാൻ ഇരു രാജ്യങ്ങളും ശ്രമം നടത്തുന്നതിനിടെയാണ് ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം.
മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. വെനസ്വേലക്ക് മേലുള്ള ഉപരോധം നീക്കാനുള്ള യു.എസ് തീരുമാനത്തെ തുടർന്നാണിത്. ഉപരോധം പിൻവലിച്ചതിന് പിന്നാലെ ഇന്ത്യയിലെ എണ്ണ കമ്പനികൾ വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ ബുക്ക് ചെയ്തതായി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വെനസ്വേല ഉൾപ്പെടെയുള്ള ഉപരോധമില്ലാത്ത ഏതു രാജ്യത്ത് നിന്നും എണ്ണ വാങ്ങുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതേസമയം എത്ര ടൺ എണ്ണയാണ് ഇന്ത്യയിലേക്ക് വെനസ്വേലയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ഉപരോധത്തിന് മുമ്പ് 10 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ് ഇന്ത്യ പ്രതിമാസം ഇവിടെ നിന്ന് വാങ്ങിയിരുന്നത്.
നിലവിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. നവംബറിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യത്തെ മൊത്തം ഇറക്കുമതിയുടെ 33 ശതമാനമായിരുന്നു. യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഏഷ്യൻ രാജ്യങ്ങളിലേക്ക് കുറഞ്ഞ വിലയ്ക്കാണ് റഷ്യ എണ്ണ നൽകുന്നത്. എന്നാൽ ഒക്ടോബറിൽ കൂടിയ വിലയ്ക്കാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. ഇതിനെ തുടർന്നാണ് ഇന്ത്യ പുതിയ വഴി തേടുന്നത്.