
വയനാട്: കൂടല്ലൂരിലെ യുവകർഷകൻ പ്രജീഷിനെ കടിച്ചുകീറി ഭക്ഷിച്ച നരഭോജി കടുവയെ സുൽത്താൻ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇന്ന് ഉച്ചയോടെയാണ് വാകേരി കൂടല്ലൂരിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ഇതിന് പിന്നാലെ കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യവുമായി നാട്ടുകാർ രംഗത്തിരുന്നു. ഇതിനെത്തുടർന്ന് കടുവയെ അവിടെ നിന്ന് മാറ്റാൻ കഴിഞ്ഞിരുന്നില്ല.
മാനന്തവാടി സബ് കളക്ടർ ഉൾപ്പെടെ എത്തി നടത്തിയ ചർച്ചക്കൊടുവിൽ രാത്രി എട്ടുമണിയോടെയാണ് കടുവയെ വഹിച്ചുള്ള വനംവകുപ്പിന്റെ കോൺവോയ് കുപ്പാടിയിലേയ്ക്ക് പുറപ്പെട്ടത്. കടുവയെ കാട്ടിലേയ്ക്ക് തുറന്നുവിടില്ലെന്നും ചികിത്സയ്ക്ക് ശേഷം മൃഗശാലയിലേയ്ക്ക് മാറ്റുന്നത് ഉൾപ്പെടെ പരിഗണിക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. കടുവയെ സുൽത്താൻ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിൽ എത്തിച്ചശേഷം ആരോഗ്യപരിശോധന നടത്തും. കടുവയുടെ മുഖത്തും മറ്റിടങ്ങളിലും വലിയ രീതിയിലുള്ള പരിക്കുണ്ട്.
അതേസമയം, പ്രജീഷിനെ കടിച്ചുകൊന്നതിനുശേഷം ഭക്ഷിച്ച കടുവ കഴിഞ്ഞ ദിവസം പ്രദേശത്ത് വീണ്ടുമെത്തി ഗർഭിണി പശുവിനെയും കൊന്നിരുന്നു. 13 വയസുള്ള WWWL45 എന്ന് വയസൻ കടുവയാണ് ഇതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൂടല്ലൂരിലെ കോഴിഫാമിനോട് ചേർന്ന് സ്ഥാപിച്ച രണ്ട് ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതും വനംവകുപ്പിന്റെ കൈവശമുള്ള ചിത്രവും ഒത്തുനോക്കിയാണ് കടുവയെ തിരിച്ചറിഞ്ഞത്.