
ന്യൂഡല്‍ഹി: പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഓരോ ഫീസ് ഇനത്തിന്റെ പേരില്‍ ബാങ്കുകള്‍ നമ്മുടെ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യാറുണ്ട്. എന്നാല്‍ പണം പോകുന്നതിന് പകരം അക്കൗണ്ടിലേക്ക് വരികയാണെങ്കിലോ. അത്തരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് അക്കൗണ്ടില്‍ ചെറുതും വലുതുമായ തുക എത്തിയത്. ഇതെവിടെ നിന്ന് വന്നെന്ന് അറിയാതെ പണം യഥേഷ്ടം ചിലവാക്കിയവരും അതുപോലെ തന്നെ ഒരു പൈസ പോലും ചിലവാക്കാതെ സൂക്ഷിച്ചവരുമുണ്ട്.
ബാങ്കിന് പറ്റിയ ഒരു സാങ്കേതിക പിഴവാണ് ആയിരക്കണക്കിന് ആളുകളെ ലക്ഷപ്രഭുക്കന്‍മാരാക്കിയത്. സംഭവം ഇന്ത്യയില്‍ തന്നെയാണ്. യൂക്കോ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കാണ് ഇടക്കാല ലോട്ടറിയടിച്ചത്. വംബര്‍ മാസത്തില്‍ ബാങ്കിന്റെ ഐഎംപിഎസ് സംവിധാനത്തിലെ തകരാറ് കാരണം 820 കോടി രൂപയാണ് തെറ്റായ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ടത്. ഏകദേശം 41,000 അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. ഇതില്‍ 705.31 കോടി രൂപ തിരിച്ചുപിടിക്കാനായെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് അറിയിച്ചു.
നവംബര്‍ 15ന് ഈ സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ഡിസംബര്‍ 15ന് പശ്ചിമ ബംഗാള്‍ കര്‍ണാടക എന്നിവിടങ്ങളിലെ 13 ലൊക്കേഷനുകളില്‍ പരിശോധനയും നടത്തി. ഇവിടങ്ങളില്‍ നിന്ന് ഇലക്ട്രോണിക് തെളിവുകള്‍ കണ്ടെടുക്കുകയും ചെയ്തു. നവംബര്‍ മാസം 28ന് ഈ വിഷയം കേന്ദ്ര സര്‍ക്കാര്‍ വിശദമായി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തുവെന്നും മന്ത്രി അറിയിച്ചു. ഡിജിറ്റല്‍ പേമെന്റുകള്‍ അതുമായി ബന്ധപ്പെട്ട സുരക്ഷകളില്‍ ബാങ്കുകളുടെ സഹകരണം എന്നിവയും പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.
ഡിജിറ്റല്‍ പേമെന്റ് സൗകര്യം ഉപയോഗപ്പെടുത്തുന്നത് സസൂക്ഷമമുള്ള ഇടപെടല്‍ ആവശ്യപ്പെടുന്ന മേഖലയാണ് .ഈ മേഖലയില്‍ പണമിടപാട് എത്രത്തോളം എളുപ്പമാണോ അത്രയും അപകട സാദ്ധ്യതയും നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് പോലുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ പണമിടപാട് മേഖലയില്‍ ഫലപ്രതമായി നേരിടാനുള്ള സൗകര്യം പൗരന്‍മാര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ലക്ഷത്തില്‍പ്പരം സംഭവങ്ങളിലായി സാമ്പത്തിക തട്ടിപ്പിനിരയാകാന്‍ സാദ്ധ്യതയുണ്ടായിരുന്ന 1000 കോടി രൂപ 2023 ഡിസംബര്‍ നാല് വരെ രക്ഷപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.