
നല്ല കാതലുള്ള മരങ്ങളാണ് സാധാരണ വീടുനിർമ്മാണത്തിന് തിരഞ്ഞെടുക്കുക. കേരളത്തിൽ ആഞ്ഞിലി, പ്ലാവ്, തേക്ക്, കരിവീട്ടി , മഹാഗണി, ഇരുൾ തുടങ്ങിയ മരങ്ങളാണ് കൂടുതലായി ആളുകൾ ഉപയോഗത്തിന് പരിഗണിക്കുന്നത്. മരങ്ങൾ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അതിൽ ശ്രദ്ധിക്കേണ്ട മുഖ്യകാര്യം പരമാവധി ഒരു മരം തന്നെ വീടിനാകെ ഉപയോഗിക്കുക എന്നതാണ്. അതിന് പറ്റിയില്ലെങ്കിൽ ഒരോ കട്ടിളയ്ക്കും ഏത് മരമാണോ ഉപയോഗിക്കുന്നത് ആ തടി തന്നെ കതകിനും ജനാലയ്ക്കും ഉപയോഗിക്കുകയെങ്കിലും ചെയ്യണം.
എത്ര ചെറിയ വീടോ വലിയ വീടോ ആയാലും തടികൾ തിരഞ്ഞെടുക്കുന്നതിൽ കൃത്യതയും കണിശതയും ഉറപ്പാക്കേണ്ടതുണ്ട്. കിഴക്കോട്ടും വടക്കോട്ടും ദർശനമായ വീടുകൾക്ക് ഏറ്റവും അനുയോജ്യമായ വൃക്ഷങ്ങളാണ് പ്ലാവും ഇരുളും (മറ്റു വൃക്ഷങ്ങൾ ഉപയോഗിക്കുന്നതിന് തടസമില്ല, എന്നാൽ ഏറ്റവും ഉചിതമെന്ന് മാത്രമേ കരുതാവൂ). പ്ലാവ് അറിയപ്പെടുന്നത് ദേവവൃക്ഷമെന്നാണ്, ഇരുളിനെ ഇരുമ്പ് മരമെന്നും. ഇവ വീട്ടിൽ വയ്ക്കുമ്പോൾ കൃത്യസ്ഥാനത്തുതന്നെയെന്ന് ഉറപ്പാക്കുകയും വേണം.
പടിഞ്ഞാറ് തെക്ക് ദർശനമായ വീടുകൾക്ക് തേക്കും ആഞ്ഞിലിയും ഇരുളും മികച്ചതാണ്. തേക്കിനും ആഞ്ഞിലിയ്ക്കും നല്ല കാതൽ ഉറപ്പാക്കണം. പണിയാനുളള സൗകര്യത്തിന് തേക്കാണ് വ്യാപകമായി ഉപയോഗിച്ചുകാണുന്നത്. പക്ഷേ തേക്കിൽ വെള്ളയോ കേടോ ഉണ്ടായാൽ അത് പൊടിയാനും അനുകൂലമല്ലാത്ത ഊർജസൃഷ്ടിക്കലിന് ഇടയായേക്കും. തെക്കും പടിഞ്ഞാറും വയ്ക്കുന്ന കട്ടിളയുടെയോ ജനാലത്തടിയുടേയോ കനം കൂട്ടുന്നതും ഉചിതമാണ്. പഴയ വീടുകളോ കൊട്ടാരങ്ങളോ നോക്കിയാൽ ഇത്തരം മരം കൊണ്ടുള്ള ബീമുകൾ പോലും കാണാം. പടിഞ്ഞാറ്, തെക്ക് ദർശനമായ വീടുകൾക്ക് പ്രധാന വാതിലിനും കനം കൂട്ടാം
കൃമിദൂഷിത വൃക്ഷങ്ങൾ, മുള്ളുള്ള വൃക്ഷങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. വഴിയിലും ശ്മശാനത്തിലും നിൽക്കുന്ന വൃക്ഷങ്ങളും സർപ്പവാസമുള്ളതും ഉണങ്ങിയതും കാറ്റിൽ വീണതും തീപിടിച്ചതും ആനകുത്തിയതോ ഇടിമിന്നലേറ്റതോ ആയവൃക്ഷവും ഉപയോഗിക്കാൻ പാടുള്ളതല്ല. ദേവാലയത്തിലോ നദീസംഗമത്തിലോ ഉള്ള വൃക്ഷവും ഗൃഹനിർമാണത്തിന് ഉചിതമല്ല.
കുടകപ്പാല,പ്ലാശ്, പാച്ചോറ്റി, കൂവളം, കടമ്പ്, നെന്മേനി വാക, മലയകത്തി, മുരിക്ക്, കടുക്ക, താന്നി, നെല്ലി, നീർമരുത്, ചതുരക്കള്ളി, നീർമാതളം, തിപ്പലി, ഏഴിലംപാല, കാഞ്ഞിരം, വയ്യങ്കത, അരയാൽ, പേരാൽ, അത്തി, ഇത്തി, മുള്ളിലവ്, ലന്തമരം, പനച്ചി, വിളാർമരം, നാഗമരം,വെള്ള കരിഞ്ഞാലി, കരിഞ്ഞാലി, പൂത്തിലഞ്ഞി, പലകപ്പയ്യാനി, പുളിമരം, പാതിരി, അശോകം, കർപ്പൂരം, അകില്, രക്തചന്ദനം, എരിക്ക് എന്നിവ ഗൃഹനിർമാണത്തിന് ഉപയോഗിക്കാൻ പാടില്ല.