pic

കയ്റോ: ഈജിപ്റ്റിൽ മൂന്നാം തവണയും ഭരണത്തുടർച്ച നേടി പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ - സിസി. ഈ മാസം 10 മുതൽ മൂന്ന് ദിവസം നീണ്ടുനിന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ 89.6 % വോട്ട് അൽ - സിസിക്കാണ്.

ഗാസയിൽ ഇസ്രയേൽ - ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെയാണ് അയൽരാജ്യമായ ഈജിപ്റ്റ് തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നത്. 2014ലാണ് സിസി ആദ്യമായി അധികാരത്തിലെത്തിയത്. സൈനിക തലവനായിരുന്ന സിസിയുടെ നേതൃത്വത്തിൽ 2013ൽ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയിരുന്നു.

പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ 97 ശതമാനം വോട്ടോടെ വിജയിച്ചു. 2018ലും സമാന വിജയം ആവർത്തിച്ചു. 2019ൽ ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റിന്റെ കാലാവധി സിസി ആറ് വർഷമായി ഉയർത്തിയിരുന്നു. താരതമ്യേന പ്രശസ്തരല്ലാത്ത മൂന്ന് സ്ഥാനാർത്ഥികളാണ് 69കാരനായ സിസിക്കെതിരെ ഇത്തവണ മത്സരിച്ചത്.