pic

ടെൽ അവീവ്: വെടിനിറുത്തലിനുള്ള അന്താരാഷ്ട്ര സമ്മർദ്ദം വകവയ്ക്കാതെ ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ. വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 കഴിഞ്ഞെന്ന് ഹമാസ് അറിയിച്ചു. 100ലേറെ പേർക്ക് പരിക്കേറ്റു. ഇതുവരെ 19,000ത്തോളം പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

ഗാസയിൽ അടിയന്തര വെടിനിറുത്തലും ബന്ദികളുടെ മോചനവും ആവശ്യപ്പെട്ടുള്ള പ്രമേയം വീണ്ടും യു.എൻ രക്ഷാ സമിതിയിൽ അവതരിപ്പിക്കും. പ്രമേയത്തിൽ ഇന്ന് പുലർച്ചെയോടെ വോട്ടെടുപ്പ് നടത്താനുള്ള തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. നേരത്തെ അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്തിരുന്നു.

ഇതിനിടെ, ഗാസയിലെ ആക്രമണ തീവ്രത കുറയ്ക്കുന്നതടക്കമുള്ള ചർച്ചകൾക്കായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രയേലിലെത്തി.

 പിടികൂടിയത്

1,000ത്തിലേറെ പേരെ

ഗാസയിൽ ആയുധംവച്ച് കീഴടങ്ങിയ 1,000ത്തിലേറെ പേരെ അറസ്റ്റ് ചെയ്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേലിനും ഗാസയ്ക്കുമിടെയിലെ ഇറേസ് അതിർത്തിക്ക് സമീപം നാല് കിലോമീറ്ററോളം നീളമുള്ള കൂറ്റൻ ഭൂഗർഭ ഹമാസ് ടണൽ സൈന്യം കണ്ടെത്തി.

ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതായ ഈ കോൺക്രീറ്റ് ടണലിനുള്ളിലൂടെ ചെറു വാഹനങ്ങൾക്ക് കടന്നുപോകാനാകും. വൈദ്യുതി, ഡ്രെയിനേജ്, ആശയവിനിമയ സംവിധാനങ്ങൾ ഇതിനുള്ളിലുണ്ട്.

------------------------

 ഗാസയിൽ വളരെയധികം സാധാരണക്കാർ കൊല്ലപ്പെട്ടു. ഹമാസിന്റെ ഭീകരാക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ട്. എന്നാൽ, അത് മാനുഷിക നിയമങ്ങൾക്ക് അനുസൃതമായിരിക്കണം.

- ഋഷി സുനക്, ബ്രിട്ടീഷ് പ്രധാനമന്ത്രി