pic

മോസ്കോ: നിഗൂഢതയൊളിപ്പിച്ച കണ്ണുകൾ, നീണ്ട താടിയും മുടിയുമുള്ള ഉയരം കൂടിയ ഒരു മനുഷ്യൻ. ആർക്കും അസ്വഭാവികമായി തോന്നാവുന്ന എന്തോ ഒന്ന് റാസ്പുട്ടിന്റെ തീഷ്ണതയേറിയ നോട്ടത്തിനുള്ളിൽ മറഞ്ഞിരിക്കുന്നതായി തോന്നിപ്പോകും. റഷ്യയിൽ നിക്കോളാസ് രണ്ടാമന്റെ കാലത്ത് ജീവിച്ചിരുന്ന ഗ്രിഗറി റാസ്പുട്ടിൻ എന്ന നിഗൂഢ മനുഷ്യനെ പറ്റിയാണ് പറയുന്നത്. ആരായിരുന്നു ശരിക്കും റാസ്പുട്ടിൻ. റാസ്പുട്ടിൻ വധിക്കപ്പെട്ടിട്ട് ഈ മാസം 30ന് 107 വർഷങ്ങൾ തികയും.

1869ൽ റഷ്യയിലെ ഒരു കർഷക കുടുംബത്തിലാണ് റാസ്പുട്ടിന്റെ ജനനം. തനിക്ക് ദൈവീകമായ സിദ്ധികളുണ്ടെന്ന് അവകാശപ്പെട്ട റാസ്പുട്ടിൻ രോഗശാന്തിയിലൂടെയും പ്രവചനങ്ങളിലൂടെയും ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റി. ചിലർ അയാളെ മന്ത്രവാദിയായി കണ്ടപ്പോൾ മറ്റു ചിലർ അയാളെ ദിവ്യനായി വാഴ്ത്തി.

റാസ്പുട്ടിന്റെ അത്ഭുതസിദ്ധി അങ്ങനെയിരിക്കെ സാർ ചക്രവർത്തിയായ നിക്കോളാസ് രണ്ടാമന്റെ ഭാര്യ അലക്സാൻഡ്ര കേൾക്കാനിടയായി. അവരുടെ മകൻ ഹീമോഫീലിയ ( രക്തം കട്ടപിടിക്കാത്ത അവസ്ഥ ) ബാധിതനായിരുന്നു. വൈദ്യൻമാർ മാറി മാറി പരീക്ഷിച്ചിട്ടും രാജകുമാരന്റെ രോഗം ശമിച്ചില്ല.

റാസ്പുട്ടിനെ പറ്റി കേട്ടതോടെ രാജ്ഞി ഏറെ പ്രതീക്ഷയോടെ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.

അത്ഭുതമെന്ന് പറയട്ടെ, റാസ്പുട്ടിന് കുട്ടിയുടെ രോഗം ശമിപ്പിക്കാനായി. ഇതോടെ റാസ്പുട്ടിന്റെ തലവരയും മാറി. എന്തിനും ഏതിനും രാജകുടുംബം കൊട്ടാരത്തിൽ താമസമാക്കിയ റാസ്പുട്ടിന്റെ ഉപദേശം തേടിത്തുടങ്ങി. ഇതയാളുടെ ധൂർത്തും വർദ്ധിപ്പിച്ചു. മദ്യവും നിശാപാർട്ടികളിലെ നൃത്തവും റാസ്പുട്ടിന്റെ പതിവായി മാറി. ഉന്നത കുടുംബത്തിലെ സ്ത്രീകൾ പലരും റാസ്പുട്ടിന്റെ ഉപദേശങ്ങൾക്ക് ചെവികൊടുത്തിരുന്നു.

അതിനിടെ റാസ്പുട്ടിൻ രാജ്ഞിയുടെ കാമുകനാണെന്ന തരത്തിലെ വാർത്തകൾ കാട്ടുതീ പോലെ പടർന്നു. രാജകുടുംബം റാസ്പുട്ടിനെ അഗാധമായി വിശ്വസിച്ചിരുന്നു. എന്നാൽ ചില പ്രഭുക്കന്മാരെയും രാജകുടുംബാംഗങ്ങളെയും ഇത് ചൊടിപ്പിച്ചിരുന്നു. റാസ്പുട്ടിനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കാൻ അവർ ശ്രമിച്ചെങ്കിലും രാജ്ഞി തടസം നിന്നു. മകന്റെ അസുഖം പൂർണമായി ഭേദമാകണമെങ്കിൽ റാസ്പുട്ടിൻ കൊട്ടാരത്തിലുണ്ടായേ മതിയാകൂ എന്ന് രാജ്ഞി വാശിപിടിച്ചു.

ഒടുവിൽ റാസ്പുട്ടിനെ കൊല്ലാൻ പ്രഭുക്കന്മാർ തീരുമാനിച്ചു. ആദ്യം വൈനിലും കേക്കിലും വിഷം കലർത്തികൊടുത്തു; മരിച്ചില്ല. ! പിന്നെ വെടിവച്ചു; എന്നിട്ടും റാസ്പുട്ടിൻ മരിച്ചില്ലെന്നാണ് കഥ. ഒടുവിൽ മർദ്ദിച്ച് അവശനാക്കിയ റാസ്പുട്ടിനെ തണുത്തുറഞ്ഞ നേവാ നദിയിലേക്ക് തള്ളുകയായിരുന്നു. നദിയിലേക്കെറിയുമ്പോൾ റാസ്പുട്ടിന് ജീവനില്ലായിരുന്നു എന്നും ആദ്യം വെടിയേറ്റപ്പോൾ തന്നെ അയാൾ മരിച്ചിരിക്കാമെന്നുമാണ് റാസ്പുട്ടിന്റെ മൃതദേഹം പരിശോധിച്ച വിദഗ്ദ്ധർ പറഞ്ഞത്.

ശരിക്കും റാസ്പുട്ടിന് അത്ഭുതസിദ്ധിയുണ്ടായിരുന്നോ അതോ തട്ടിപ്പുകാരനായിരുന്നോ ? അറിയില്ല. പക്ഷേ, താൻ രാജകുടുംബാംഗങ്ങളുടെ കരങ്ങളാൽ കൊല്ലപ്പെട്ടേക്കാമെന്നും അങ്ങനെയെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ ചക്രവർത്തിയും കുടുംബവും കൊല്ലപ്പെടുമെന്നും റാസ്പുട്ടിൻ പ്രവചിച്ചിരുന്നുവെന്ന് കഥയുണ്ട്. റാസ്പുട്ടിൻ മരിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം 1918ൽ നിക്കോളാസ് രണ്ടാമനും ഭാര്യ അലക്സാൻഡ്രയും ഉൾപ്പെടുന്ന കുടുംബം വധിക്കപ്പെട്ടിരുന്നു.