forest

തിരുവനന്തപുരം: കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്ക് റേഞ്ച് ഓഫീസറുടെ കത്ത്. മൂന്നാർ വർക്കിംഗ് പ്ളാൻ റേഞ്ച് ഓഫിസർ പി.അബ്ദുൽ ജലീൽ ആണ് വനം മേധാവിക്കും ഭരണവിഭാഗം എപിസിസിഎഫിനും കത്തയച്ചത്. അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും മേലുദ്യോഗസ്ഥൻ അന്യായമായി തടഞ്ഞുവച്ചതിനാൽ ജീവിതം വഴിമുട്ടിയെന്നു ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്.

സ്ഥലംമാറ്റം, സസ്‌പെൻഷൻ, സ്വയം വിരമിക്കൽ, ജോലിയിൽ നിന്നു നീക്കം ചെയ്യൽ ഇതിലൊന്നിനുള്ള നടപടി സ്വീകരിക്കാത്തപക്ഷം സ്വയം മരിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. ശമ്പളം നൽകാതെയും ജനറൽ പ്രോവിഡന്റ് ഫണ്ട് (ജിപിഎഫ്) പിൻവലിക്കാൻ സമ്മതിക്കാതെ തന്നെയും കുടുംബത്തെയും മൂന്നാർ വർക്കിംഗ് പ്ലാൻ ഓഫിസർ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് കത്തിലെ പ്രധാന ആരോപണം.

മറ്റുള്ള ഉദ്യോഗസ്ഥരുടെ ശമ്പളക്കുടിശികയും ജിപിഎഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും യഥാസമയം പാസാക്കി നൽകുമ്പോൾ, റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരുടെ ആനുകൂല്യങ്ങൾ വർക്കിംഗ് പ്ലാൻ ഓഫിസർ തടഞ്ഞുവയ്ക്കുകയാണെന്ന് കത്തിൽ ആരോപിക്കുന്നു.